Kerala

വയനാട് പുനഃരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: വയനാട് പുനഃരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചുരല്‍മല ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ വേറൊരു ഭാഗമാണ്. അത് സഹായത്തിന് പകരമാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കണം. ദുരന്തത്തിന്റെ ഭാഗമായുള്ള സഹായം ലഭിക്കണം. വായ്പയില്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വിദ്യാഭ്യാസ മേഖല ലാഭം കൊയ്യാനുള്ള ഇടമാണെന്ന മനോഭാവമാണ് ഇപ്പോൾ നടക്കുന്നത്. അതിന് സർക്കാരുകളും പിന്തുന്ന നൽകിയപ്പോഴാണ് അൺ എയ്ഡഡ് സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എയിഡഡ് സ്ഥാപനങ്ങളുടെ കടന്നുവരവ് പൊതുവിദ്യാലയങ്ങളുടെ തകർച്ചയിലേക്കാണ് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലായിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടലിൻ്റെ ഭീഷണിയിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് 5 ലക്ഷത്തോളം കുട്ടികളാണ് കൊഴിഞ്ഞു പോയത്. ഇതിന് പരിഹാരമില്ലെന്നാണ് അന്ന് കരുതിയതെന്നും എന്നാൽ 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ ഇതിന് മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്കൂൾ വിദ്യാർത്ഥികളിൽ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം ഗൗരവമുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലാഭേച്ഛ മൂത്ത് എങ്ങനെയും പണം ഉണ്ടാക്കാം എന്ന് ചിലർക്ക് തോന്നുന്നുണ്ട്. മയക്കുമരുന്നിൻ്റെ ആപത്ത് ഓരോ ദിവസവും ശ്രദ്ധയിൽപ്പെടുന്നു. ശരിയായ മാഫിയയാണ് ഡ്രഗ്സ് മാഫിയ. രാജ്യങ്ങളെയൊക്കെ അട്ടിമറിക്കാൻ അവർക്ക് കഴിവുണ്ട്. അവർ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. കുട്ടികളെ ക്യാരിയർമാരും ഉപഭോക്താക്കളുമാക്കുന്നു. ഇതിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹളംവെച്ച്, അഭിമാനത്തിന് പോറലേൽപിച്ച് കുട്ടികളെ തിരുത്തുന്ന രീതി മാറ്റേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ അധ്യാപകർ ചെയ്ത് കൊടുക്കണം. വീട്ടുകാരിൽ ഇത് സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കണം. ചിലപ്പോൾ വീട്ടുകാർ അപമാന ഭാരത്തിൽ പുറത്ത് പറയില്ല. എന്നാൽ തിരുത്തണമെങ്കിൽ രക്ഷിതാക്കളും കൂടെ നിൽക്കണം. കുഞ്ഞുങ്ങളെ നാളെയുടെ ലോകത്തിന് പറ്റാത്തവരാക്കരുത്. അടുത്ത അക്കാദമിക് വർഷാരംഭത്തിൽ ലഹരി ഉപയോഗം ഗൗരവത്തോടെയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.