പാലക്കാട്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സി.എം.പി സംസ്ഥാന കമ്മിറ്റി അംഗവുമായ വി.സുകുമാരൻ മാസ്റ്റർ അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായിരുന്നു. സി.പി.എമ്മിലായിരുന്നപ്പോൾ 1991 ൽ ആലത്തൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ എ.വി ഗോപിനാഥിനോട് തോറ്റു.
എം.വി രാഘവൻ സി.പി.എമ്മുമായി വേർപിരിഞ്ഞ് സി.എം.പി രൂപീകരിച്ചപ്പോൾ എം.വി.ആറിനൊപ്പമായിരുന്നു സുകുമാരൻ. ജീവിതത്തിൻ്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ കിഴക്കഞ്ചേരിയിലെ വീട്ടിൽ ആദരാഞ്ജലിയർപ്പിക്കാനെത്തി.
മൃതദേഹത്തിൽസി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ വിജയകൃഷ്ണനും ജില്ലാ സെക്രട്ടറി പി. കലാധരനും ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
ഏതു പ്രതിസന്ധിയിലും പ്രസ്ഥാനത്തിനൊപ്പം പുഞ്ചിരിയോടെ നിന്ന നേതാവായിരുന്നു സുകുമാരനെന്ന് സി.എൻ വിജയകൃഷ്ണൻ അനുസ്മരിച്ചു.
എതിർ പാർട്ടികളിലായിരിക്കുമ്പോഴും വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച അപൂർവ വ്യക്തിത്വമായിരുന്നു സുകുമാരനെന്ന് 91 ൽ ആലത്തൂരിലെ എതിരാളിയായിരുന്ന എ.വി ഗോപിനാഥ് അനുസ്മരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നതായും ഓർമ്മക്കുറവിൽ പോലും എ.വി എന്നു വിളിച്ചതായും ഗോപിനാഥൻ പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറും
Add Comment