India

ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന

റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. റിസർവ് ഗാർഡുകൾ, സിആർപിഎഫ്, കോബ്ര, ഒഡീഷയുടെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി)എന്നിവയുടെ നേതൃത്വത്തിൽ കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ.

നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ചൽപതി എന്ന ജയ് റാമാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡിലെയും അയൽ സംസ്ഥാനമായ ഒഡീഷയിലെയും മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ 24 മണിക്കൂറിലേറെയായി വെടിവെയ്പ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുരക്ഷാ സേനകളുടെ സംയുക്ത സംഘം ജനുവരി 19 ന് രാത്രിയാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ഗരിയാബന്ദ് വനങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തിങ്കളാഴ്ച സുരക്ഷാ സേന രണ്ട് വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. തിങ്കളാഴ്ചയുണ്ടായ വെടിവയ്പിൽ ഒരു കോബ്രാ കമാൻഡോയ്ക്കും നിസാര പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്.

നക്സലിസത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു. ഗരിയബന്ദ് എസ്പി നിഖിൽ രഖേച്ച, ഒഡീഷയിലെ നുവാപഡ എസ്പി രാഘവേന്ദ്ര, ഒഡീഷ മാവോയിസ്റ്റ് ഓപ്പറേഷൻ ഡിഐജി അഖിലേശ്വർ സിങ്, കോബ്രാ ബിഎൻ 207 കമാൻഡൻ്റ് ഡിഎസ് കതൈത് എന്നിവരാണ് അന്തർ സംസ്ഥാന സംയുക്ത ഓപ്പറേഷന് നേതൃത്വം നൽകുന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഒഡീഷ സുരക്ഷാ സേനയുമായി ചേർന്ന് ഛത്തീസ്ഗഡിൽ സംയുക്തമായി നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. ജനുവരി മൂന്നിന് ഗാരിയബന്ദ് ജില്ലയിലെ വനമേഖലയിൽ സംയുക്ത ഓപ്പറേഷനിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 40 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 219 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.