പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്.
എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, അവയ്ക്കു മേൽ കയറിനിൽക്കുകയും ചെയ്തു. കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച് തടയാൻ നിന്നിരുന്ന പൊലീസുകാർക്ക് നെയിം ബാഡ്ജ് ഉണ്ടായിരുന്നില്ല.
അതേസമയം, പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പരാമർശവും രാഹുൽ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാൻ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ട്. മുൻ എംഎൽഎ എന്തിനാണ് രാത്രി വാതിൽ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയിൽ പൊലീസുകാർ ഇത്തരത്തിൽ കയറിയാൽ സിപിഐഎം പൊലീസ് സ്റ്റേഷൻ കത്തിക്കില്ലേ? എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങൾ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുൽ മറുപടി നൽകി.
പൊലീസ് പരിശോധനയിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തുവന്നിരുന്നു. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയറൂരി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Add Comment