പാലക്കാട്: ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാർട്ടിവിട്ട അബ്ദുൾ ഷുക്കൂറിനെ ചേർത്തു നിർത്താൻ കോൺഗ്രസ്. ഷുക്കൂർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അബ്ദുൾ ഷുക്കൂറുമായി ആശയ വിനിമയം നടത്തി.
കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാൻ സിപിഐഎം നേതാക്കൾ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടിൽ എൻ എൻ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചു.
പാലക്കാട് ഏരിയ കമ്മറ്റി അംഗമായ അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് പാർട്ടി വിട്ടത്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചിരുന്നു. ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടി താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ട്.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭാ കൗൺസിലറുമായിരുന്നു ഷുക്കൂർ. പത്തുനാൽപ്പതുപേർ ഇരിക്കുന്ന ഒരു യോഗത്തിൽവെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നിൽക്കാൻ ആവാത്തതിനാൽ ഇന്നലെയോടെ പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനപ്പിച്ചുവെന്നും അബ്ദുൾ ഷുക്കൂർ വ്യക്തമാക്കിയിരുന്നു.
Add Comment