Sports India

മുംബൈക്കെതിരെ ഡൽഹിയുടെ വിജയത്തിനു പിന്നാലെ വിവാദം

ഡോദര: വനിതാ പ്രീമിയർ ലീഗ് ത്രില്ലറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യൻസിനെതിരെ നാടകീയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വിവാദവും.

അവസാന പന്തില്‍ 2 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. ഈ ഘട്ടത്തിലെ റണ്ണൗട്ട് അപ്പീലും മത്സരത്തിലെ മറ്റൊരു റണ്ണൗട്ടുമാണ് ഇപ്പോള്‍ വിവാദത്തിലായത്. മൂന്നാം അംപയറുടെ തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചത്.

അവസാന പന്തില്‍ അരുന്ധതി റെഡ്ഡിക്കെതിരായ റണ്ണൗട്ട് അപ്പീലും മത്സരത്തിനിടെ ശിഖ പാണ്ഡെയെ റണ്ണൗട്ടാക്കാനുള്ള അപ്പീലും ഡല്‍ഹിക്ക് അനുകൂലമായാണ തേഡ് അംപയർ വിളിച്ചത്. ഇതില്‍ അവസാന പന്തിലെ റണ്ണൗട്ട് തേഡ് അംപയർ തള്ളിയത് ഡല്‍ഹിയെ ജയത്തിലുമെത്തിച്ചതോടെ വലിയ കോലാഹലങ്ങള്‍ക്കാണ് സംഭവം വഴിയൊരുക്കിയത്.

അവസാന ഓവറില്‍ ഡല്‍ഹിക്ക് 6 പന്തില്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുംബൈക്കായി അവസാന ഓവർ എറിഞ്ഞത് മലയാളി താരം സജന സജീവൻ. താരത്തിന്റെ ആദ്യ പന്ത് നികി പ്രസാദ് ഫോറാക്കി മാറ്റി. ഇതോടെ 5 പന്തില്‍ 6 റണ്‍സായി ലക്ഷ്യം. രണ്ടാം പന്തില്‍ നികി 2 റണ്‍സ് കണ്ടെത്തി. ലക്ഷ്യം 4 പന്തില്‍ 4. മൂന്ന്, നാല് പന്തുകളില്‍ സിംഗിള്‍. ലക്ഷ്യം ഇതോടെ 2 പന്തില്‍ 2 എന്നായി. എന്നാല്‍ അഞ്ചാം പന്തില്‍ സജന ഡല്‍ഹിയെ ഞെട്ടിച്ച്‌ നികി പ്രസാദിനെ മടക്കി. ഇതോടെ അവസാന പന്തില്‍ 2 റണ്‍സ് ലക്ഷ്യം. ബാറ്റിങ് ക്രീസില്‍ അരുന്ധതി റെഡ്ഡി. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം 2 റണ്‍സെടുത്തു ടീമിനെ ജയത്തിലുമെത്തിച്ചു.