Kerala

വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഐഎമ്മിൻ്റെ ഏരിയ സമ്മളനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഐഎമ്മിൻ്റെ ഏരിയ സമ്മളനം. റോഡ് കെട്ടിയടച്ചാണ് സമ്മേളന വേദിയൊരുക്കിയിരിക്കുന്നത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് വേദിയൊരുക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടെ മുന്നിലാണ് വേദിയൊരുക്കിയിരിക്കുന്നത്.

വൈകുന്നേരം അഞ്ചിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പൊതുസമ്മേളനം ഉദ്ഘാനം ചെയ്യും. ഇതിന് ശേഷം വേദിയില്‍ കെപിഎസിയുടെ നാടകവുമുണ്ട്. കഴിഞ്ഞ ദിവസമാണ് വേദിയുടെ നിര്‍മാണം ആരംഭിച്ചത്. ഇതിന് പിന്നാലെ പ്രദേശത്തെ ഗതാഗതവും താറുമാറായ നിലയിലാണ്. പൊതുഇടങ്ങളിലെ പരിപാടികളില്‍ ഹൈക്കോടതി ഇടപെടല്‍ നിലനില്‍ക്കെയാണ് സിപിഐഎമ്മിൻ്റെ നടപടി.

നേരത്തെ കണ്ണൂരിലും സമാനമായ വിഷയം ഉയർന്നു വന്നിരുന്നു. കണ്ണൂരിൽ കഴിഞ്ഞ ദിവസം സിപിഐഎം കെട്ടിയ സമരപന്തലില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങുകയായിരുന്നു. റോഡിലേക്ക് ഇറക്കിയായിരുന്നു ഇവിടെ പന്തല്‍ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പൂര്‍ണമായും പുറത്തെത്തിച്ചത്. ബസില്‍ ആളുകള്‍ കുറവായിരുന്നു. സമീപത്ത് മറ്റ് ആളുകള്‍ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. മയ്യില്‍-ശ്രീകണ്ഠാപുരം റോഡിലോടുന്ന ബസാണ് കുടുങ്ങിയത്.