Kerala

പ്രതിച്ഛായ നഷ്ടമായി, പി.പി ദിവ്യയെ മാറ്റി നിർത്താൻ സി.പി.എമ്മിൽ ആലോചന, ഉപതെരഞ്ഞെടുപ്പിലും കണ്ണൂർ വിഷയമാകും

കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തില്‍ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധം കനത്തു.

ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സ്ഥാനത്തുനിന്നു നീക്കി പ്രതിച്ഛായ സംരക്ഷിക്കാൻ സി.പി.എമ്മില്‍ ആലോചന തുടങ്ങി.

സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച്‌ സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം.

ദിവ്യക്കെതിരേ കർശനനടപടി വേണമെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ദിവ്യയുടെ നടപടി തള്ളിപ്പറഞ്ഞ് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും രംഗത്തെത്തി. ചൊവ്വാഴ്ച വിഷയത്തില്‍ പൊതുവേ തണുത്ത നിലപാട് സ്വീകരിച്ച സി.പി.എം. അനുകൂല സർവീസ് സംഘടനകളും ബുധനാഴ്ച പ്രതിഷേധം ശക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ, ദിവ്യയെ സംരക്ഷിച്ചു മുന്നോട്ടു പോവുന്നത് പാർട്ടിക്കെതിരേ ജനവികാരം സൃഷ്ടിക്കാനേ സഹായിക്കൂവെന്നാണ് വിലയിരുത്തല്‍. അതേസമയം, സംസ്ഥാനനേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണം ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണവിഷയമായതും നേതാക്കളില്‍ ചിലർ ചൂണ്ടിക്കാട്ടുന്നു. ദിവ്യയുടെ നിലപാട് കണ്ണൂർ ജില്ലാനേതൃത്വവും ചൊവ്വാഴ്ച തള്ളിപ്പറഞ്ഞിരുന്നു. ജനവികാരത്തിനൊപ്പമാണെന്ന സന്ദേശം നല്‍കാൻ സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജൻ പത്തനംതിട്ടവരെ നവീൻബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ചു.

ദിവ്യയുടേത് അപക്വമായ നടപടിയാണെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു

അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്തു നിന്നുണ്ടായത്. പാർട്ടിയും സർക്കാരും ഈ വിഷയം അന്വേഷിച്ച്‌ നടപടിയെടുക്കും. സംസ്ഥാന സെക്രട്ടറിയുമായി ഈ വിഷയം സംസാരിച്ചു. നവീൻ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടയാളാണ്. പൂർണമായും ഒരു പാർട്ടി കുടുംബമാണ് നവീന്റേത്. പ്രവർത്തനകാലം മുഴുവൻ ഇടതുപക്ഷവുമായി സഹകരിച്ചയാളാണ് അദ്ദേഹം. എല്ലാത്തരത്തിലും കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. യാത്രയയപ്പിലും മരണത്തിന്റെ അനുശോചനത്തിലും പൊതുവേ ആളുകള്‍ നല്ലത് മാത്രമാണ് പറയാറുള്ളത്. അതാണ് പൊതുവേയുള്ള രീതി. ഈ രണ്ട് സാഹചര്യങ്ങളും വിമർശനപരമായി ആരും ഉപയോഗിക്കാറില്ല. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായ രീതിയാണ് ദിവ്യയുടെ ഭാഗത്തു നിന്നുമുണ്ടായത്. അതിനാലാണ് നടപടി അപക്വമാണെന്ന് പറയുന്നത്

നവീൻ ബാബുവിന്റെ മരണം ഞാനടക്കമുള്ള പൊതുപ്രവർത്തക്കുള്ള പാഠമാണ്. അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു