Politics Kerala

പിണറായി ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണം, 11 വർഷവും 14 കോടിയും നഷ്ടപ്പെടുത്തി, സീപ്ലെയിൻ വീണ്ടുമെത്തുമ്പോൾ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി പി എം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്ബോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച്‌ പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്ബോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്ബോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സമ്മതിച്ചില്ല. സിപിഎം എതിര്‍ത്തു തകര്‍ത്ത അനേകം പദ്ധതികളില്‍ സീപ്ലെയിനും ഇടംപിടിച്ചു.

സീ ബേര്‍ഡ് എന്ന കമ്ബനിയുടെ സീപ്ലെയിന്‍ 2019ല്‍ ബാങ്ക് ജപ്തി ചെയ്തു. ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവയ്ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാരും മുടക്കിയിരുന്നു. അതും വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീപ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് സിറ്റി തുടങ്ങിയ കേരളത്തിന്റെ സ്വപ്‌ന പദ്ധതികളെയെല്ലാം എതിര്‍ത്തശേഷം പിന്നീട് സ്വന്തം മേല്‍വിലാസത്തില്‍ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികെട്ട രാഷ്ട്രീയം സീപ്ലെയിന്‍ പദ്ധതിയുടെ കാര്യത്തിലും ആവര്‍ത്തിച്ചു. വികസനത്തില്‍ രാഷ്ട്രീയം കുത്തിനിറക്കുന്ന സിപിഎം നയം മൂലം കേരളത്തിനുണ്ടായ സാമ്ബത്തിക നഷ്ടത്തിനും വികസന മുരടിപ്പിനും കണക്കുകളില്ല. സിപിഎമ്മിന്റെ രാഷ്ട്രീയലാഭത്തില്‍ അവയെല്ലാം എഴുതിച്ചേര്‍ത്തെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

About the author

KeralaNews Reporter

Add Comment

Click here to post a comment