സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. 1991 ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അദ്ധ്യക്ഷന് പിന്തുണ അഭ്യർത്ഥിച്ച് അയച്ച കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്. എം.എസ് ഗോപാലകൃഷ്ണൻ അയച്ച കത്താണിത്. അദ്ദേഹമാണ് പിന്നെ ചെയർമാനായത്. ശിവരാജൻ വർഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണ് ‘ എന്ന് പറഞ്ഞാണ് സന്ദീപ് വാര്യർ കത്ത് പുറത്തു വിട്ടത്.
കഴിഞ്ഞ ദിവസം പ്രമുഖചാനലിൽ നടന്ന ചർച്ചയിൽ 1991-95 വരെ പാലക്കാട് മുൻസിപ്പാലിറ്റി സി.പി.എം ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയായിരുന്നു’ എന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു കത്തില്ല എന്നാണ് നിതിൻ കണിച്ചേരി സന്ദീപ് വാര്യർക്ക് മറുപടി കൊടുത്തത്. തെളിവ് പുറത്തുവിടണമെന്ന് നിതിൻ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്ദീപ് വാര്യർ കത്ത് പുറത്ത് വിട്ടത്. ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നൽകിയിരുന്നതായി അന്നത്തെ ബിജെപി കൗൺസിലറായ ശിവരാജനും പറഞ്ഞു. ആറ് കൗൺസിലർമാർ അന്ന് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു എന്നാണ് ശിവരാജൻ പറയുന്നത്. വിഷയത്തിൽ നിതിൻ കണിച്ചേരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധി ഒരു വെല്ലുവിളി നടത്തിയിരുന്നു . 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്തു നൽകിയിരുന്നതായി ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇത് കള്ളമാണെന്നും കത്തുണ്ടെങ്കിൽ പുറത്തുവിടണമെന്നും അങ്ങനെ കത്ത് പുറത്ത് വിട്ടാൽ സന്ദീപ് വാര്യർ പറയുന്ന എന്തു പണി വേണമെങ്കിലും ചെയ്യാമെന്നും എം ബി രാജേഷിന്റെ അളിയൻ കൂടിയായ സിപിഎം നേതാവ് നിതിൻ കണിചേരി വെല്ലുവിളിക്കുകയുണ്ടായി. ആ വെല്ലുവിളി ഏറ്റെടുത്ത് 1991 ൽ സിപിഎം പാർലമെൻററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡണ്ട് ടി ചന്ദ്രശേഖരന് നൽകിയ കത്ത് പുറത്തുവിടുന്നു.
പറഞ്ഞ വാക്ക് പാലിക്കുമെങ്കിൽ നിതിൻ കണിചേരി സിപിഎമ്മിൽ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം അണിചേരണം.
Add Comment