2024ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ബുംമ്രയടക്കം രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ടീമില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെയാണ് ടീമിന്റെ ഓപണറായി തിരഞ്ഞെടുത്തത്.
ഓസീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംമ്രയ്ക്കും ജയ്‌സ്വാളിനും ടീമിലേക്കുള്ള വഴിയൊരുക്കിയത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ് ബുംമ്ര. 2024ല്‍ 71 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ബുംമ്ര 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഫൈഫറുകളും സ്വന്തമാക്കിയിരുന്നു.
യശസ്വി ജയ്‌സ്വാളിനും 2024 വര്‍ഷം മികച്ചതായിരുന്നു. മൂന്ന് സെഞ്ച്വറികളടക്കം 1,478 റണ്‍സാണ് 2024ലെ ടെസ്റ്റ് മത്സരങ്ങളില്‍ ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 214 റണ്‍സാണ് താരത്തിന്റെ മികച്ച സ്‌കോര്‍. ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ജയ്‌സ്വാള്‍ 2024 അവസാനിപ്പിച്ചത്.
ജയ്‌സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റും ഓപണറായി ടീമിലിടം പിടിച്ചു. 2024ലെ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ ജോ റൂട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ വര്‍ഷത്തെ ടീമില്‍ മൂന്നാം നമ്പറില്‍ ഇടംപിടിച്ചു. നാലാം നമ്പറില്‍ ന്യൂസിലാന്‍ഡിന്റെ യുവഓള്‍റൗണ്ടര്‍ രച്ചിന്‍ രവീന്ദ്രയാണ്.
ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഹാരി ബ്രൂക്കും കമിന്ദു മെന്‍ഡിസും ടീമിലെ മധ്യനിരയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഓസീസിന്റെ അലക്‌സ് കാരിയെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തിരഞ്ഞെടുത്തു.
ജസ്പ്രീത് ബുംമ്രയാണ് ടീമിലെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. മാറ്റ് ഹെന്റിയും ജോഷ് ഹേസില്‍വുഡുമാണ് ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍. ഒപ്പം കേശവ് മഹാരാജിനെയും സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Add Comment