തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് വിമര്‍ശനം. അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ട് കാര്യമില്ല. ജനങ്ങളുടെ അംഗീകാരം വേണം. മേയര്‍ക്ക് ദാര്‍ഷ്ട്യമെന്നും വിമര്‍ശനമുണ്ട്. സമ്മേളനത്തില്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും നേരെ വിമര്‍ശനമുണ്ടായി. എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി യൂണിറ്റ് കമ്മിറ്റിക്കാണ് വിമര്‍ശനം. അക്രമികളുടെ താവളമാണ് കോളേജിലെ എസ്എഫ്‌ഐ. സംഘടനാപ്രവര്‍ത്തനം നടത്തിയിരുന്ന ഡിവൈഎഫ്‌ഐ ചാരിറ്റി സംഘടനയായെന്നുമാണ് വിമര്‍ശനം.
സിപിഐഎം നേതൃത്വത്തിലെത്താന്‍ പണമുളളവര്‍ക്ക് മാത്രമാണ് പരിഗണന. പണം കണ്ടെത്തി നല്‍കാന്‍ കഴിവുള്ളവര്‍ മാത്രം നേതാക്കളായാല്‍ പോര. നഗരത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ബിജെപിയിലേക്ക് ഒഴുകുന്നു. സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്ക് സര്‍ക്കാരും ഉത്തരവാദിയാണ്. സഹകരണ മേഖല വകുപ്പിനെയും കരിനിഴലില്‍ ആക്കി. മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ക്കൊപ്പം സഹകരണ വകുപ്പും നിന്നു. വകുപ്പിലെ നടപടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുമ്പോലെയായിരുന്നെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ഭരണം സംഘടനാ ദൗര്‍ബല്യമുണ്ടാക്കിയെന്നും ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേതാക്കളും പ്രവര്‍ത്തകരും സ്വയം തിരുത്തി മുന്നോട്ട് പോകണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെയും റിപ്പോര്‍ട്ട് വിമര്‍ശനം ഉന്നയിച്ചു.
Add Comment