മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം ടെസ്റ്റ് സമാപിച്ചിട്ട് ദിവസം മൂന്നായെങ്കിലും അതുയർത്തിയ വിവാദങ്ങൾ ഇപ്പോഴും കെട്ടിട്ടില്ല. വാശിയേറിയ മല്‍സരത്തില്‍ ഇന്ത്യയെ 184 റണ്‍സിന് ഓസ്‌ട്രേലിയ കീഴടക്കിയെങ്കിലും മൈതാനത്തെ വിവാദ സെലിബ്രെഷനിൽ പ്രതിരോധത്തിലാണ് ഓസീസ് താരങ്ങൾ.
ഓപണര്‍ യശസ്വി ജയ്സ്വാൾ ഒന്നാം ഇന്നിങ്‌സിലെ മികച്ച പ്രകടനം രണ്ടാം ഇന്നിങ്‌സിലും ആവർത്തിച്ചപ്പോൾ റിഷഭ് പന്ത് ഒഴികെയുള്ളവരെല്ലാം നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ഒരു ദിവസം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ അവസരമുണ്ടായിട്ടും 155 റണ്‍സിന് എല്ലാവരും ഓള്‍ഔട്ടായി. ജയ്‌സ്വാൾ 84 റൺസ് നേടിയപ്പോൾ പന്ത് 30 റൺസ് നേടി. ബാക്കിയുള്ള എല്ലാ താരങ്ങളും കൂടി നേടിയത് 29 റൺസായിരുന്നു. ജയ്‌സ്വാൾ കഴിഞ്ഞാൽ പന്തിന്റെ വിക്കറ്റ് വീണതാണ് ഓസീസിന്റെ വിജയത്തിൽ നിർണായകമായത്. പന്തിന്റെ വിക്കറ്റെടുത്തത് ട്രാവിസ് ഹെഡായിരുന്നു. ഈ വിക്കറ്റ് നേടിയതിന് ശേഷമുള്ള സെലിബ്രെഷനാണ് വലിയ വിവാദമായത്.
പന്തിന്‍റെ വിക്കറ്റെടുത്തശേഷം ഒരുകൈയിലെ വിരലുകള്‍ വട്ടത്തിലാക്കി അതിലേക്ക് മറുകൈയിലെ വിരലിട്ടിളക്കുന്ന ആക്ഷനാണ് ഹെഡ് കാണിച്ചത്. മത്സരത്തിന് ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമാണെന്ന തരത്തില്‍ വിമർശനമുയർന്നു. എന്നാൽ ഇത് ഹെഡിന്റെ തമാശയാണെന്ന പ്രതികരണവുമായി ഓസ്ട്രലിയൻ ക്യാപ്റ്റൻ രംഗത്തെത്തി. വിക്കറ്റെടുത്തശേഷം ഫ്രിഡ്ജില്‍ നിന്ന് ഐസ് ബക്കറ്റ് എടുത്ത് അതില്‍ വിരലിട്ടുവെക്കുന്നത് ഹെഡിന്‍റെ ഒരു തമാശയാണ്. അതാണ് റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷവും ഹെഡ് കാണിച്ചതെന്നായിരുന്നു പാറ്റ് കമിന്‍സ് വിശദീകരിച്ചത്.
ശേഷം ഇന്നലെ സംഭവത്തിൽ വിശദീകരണവുമായി ട്രാവിസ് ഹെഡ് തന്നെ രംഗത്തെത്തി. മെല്‍ബണില്‍ ഞാന്‍ ബൗള്‍ ചെയ്യേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാവും ഞാനിനി ബൗള്‍ ചെയ്യേണ്ടിവരികയെന്നായിരുന്നു കരുതിയിരുന്നത് എന്നും പറഞ്ഞ ഹെഡ് അപ്രതീക്ഷിതമായി ബൗൾ ചെയുകയും വിക്കറ്റെടുക്കുകയും ചെയ്തപ്പോൾ നടത്തിയ സെലിബ്രെഷനായിരുന്നു അതെന്നും വ്യക്തമാക്കി. അടുത്ത വിക്കറ്റെടുക്കുന്നതുവരെ എന്‍റെ കൈവിരലുകല്‍ ഐസ് കപ്പിലിട്ട് സംരക്ഷിക്കുമെന്നാണ് ഞാന്‍ തമാശയായി കാണിച്ചത് എന്നും ഹെഡ് പറഞ്ഞു.
എന്നാൽ കമ്മിൻസിന്റെയും ഹെഡിന്റെയും വിശദീകരണം ശരിയല്ലെന്നും ഹെഡ് അതിലൂടെ അശ്ലീലം തന്നെയാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ നവജ്യോത് സിദ്ദു രംഗത്തെത്തി. റിഷഭ് പന്തിനെ മാത്രമല്ല 150 കോടി ഇന്ത്യക്കാരെ അപമാനിച്ചതിന് തുല്യമാണിതെന്നും കുട്ടികളും സ്ത്രീകളുമെല്ലാം മത്സരം കാണുന്നുണ്ടെന്ന് ഹെഡ് മനസിലാക്കണമെന്നും സിദ്ദു വിമർശിച്ചു. വരും തലമുറയിലെ താരങ്ങളെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് തടയുന്നതിന് കഠിനമായ ശിക്ഷ ഹെഡിന് മേല്‍ ചുമത്തേണ്ടതുണ്ട്. ആരും അത് പിന്തുടരാന്‍ ധൈര്യപ്പെടരുത്- സിദ്ധു എക്സില്‍ കുറിച്ചു.
Add Comment