India

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്: പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം തകരാറിൽ

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന് പിന്നാലെ പുതുച്ചേരിയില്‍ വൈദ്യുതി-മൊബൈല്‍-ഇന്റര്‍നെറ്റ് ബന്ധം തകരാറില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരി, കടലൂര്‍, കാരിക്കല്‍, വിഴുപ്പുറം, തിരുവണ്ണാമലൈ, വെല്ലൂര്‍, റാണിപേട്ട് എന്നിവിടങ്ങളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം മഴക്കെടുതിയില്‍ പുതുച്ചേരിയില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി ഹൗസിങ് കോളനികള്‍ വെള്ളക്കെട്ടിലാണ്. വാഹനങ്ങളും മുങ്ങി. പ്രദേശത്ത് മഴ നിര്‍ത്താതെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് മഴയാണ് പുതുച്ചേരിയില്‍ പെയ്തത്. 24 മണിക്കൂറില്‍ 50 സെന്റിമീറ്ററും കടന്നായിരുന്നു മഴ. സബ്‌സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക വെല്ലുവിളിയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ഏതെങ്കിലും വിധത്തില്‍ പ്രതികൂല സാഹചര്യമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും എന്‍ഡിആര്‍എഫും പ്രദേശത്ത് സജ്ജമാണ്. നിരവധി പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിഴുപ്പുറത്തും മഴക്കെടുതി രൂക്ഷമാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment