കോഴിക്കോട്: ജില്ലയിലെ പഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിംങ് തുടങ്ങി.
കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ഹിയറിങ്ങില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും ഡീലിമിറ്റേഷൻ ചെയർമാനുമായ എ ഷാജഹാൻ നേരിട്ട് പരാതികള്‍ കേട്ടു. സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന് നേരിട്ടും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങള്‍ സമർപ്പിച്ച പരാതിക്കാരെയാണ് നേരില്‍ കേട്ടത്.
1,954 പരാതികളാണ് കമീഷന്റെ പരിഗണനയിലുള്ളത്. ആദ്യദിവസം 1,068 പരാതികള്‍ പരിഗണിച്ചു. ഇതില്‍ നേരിട്ട് ഹാജരായ മുഴുവൻ പരാതികളും ചെയർമാൻ നേരില്‍ കേട്ടു. രാവിലെ മുതല്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകള്‍, കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള പരാതികളാണ് കേട്ടത്. തുടർന്ന് വടകര, പേരാമ്ബ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ പഞ്ചായത്തുകള്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള പരാതികളും പകല്‍ രണ്ടുമുതല്‍ കൊടുവള്ളി, തോടന്നൂർ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുപരിധിയിലെ പഞ്ചായത്തുകളില്‍നിന്നുള്ള പരാതികളും പരിഗണിച്ചു.
എല്ലാ ജില്ലകളിലെയും സിറ്റിങ് പൂർത്തിയായതിനുശേഷം കമീഷന്റെ ഫുള്‍സിറ്റിങ്ങിനുശേഷമാണ് വാർഡ് വിഭജനത്തിന്റെ അന്തിമ തീരുമാനം കൈക്കൊള്ളുക. ഇന്ന് രാവിലെ ഒമ്ബതുമുതല്‍ ബാലുശേരി, പന്തലായനി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലെയും 11 മുതല്‍ കോഴിക്കോട്, കുന്നമംഗലം ബ്ലോക്കിന് പരിധിയിലെ പഞ്ചായത്തുകള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും രണ്ടുമുതല്‍ മേലടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും പരാതികള്‍ പരിഗണിച്ചു.
Add Comment