Kerala

എഡിഎമ്മിന്റെ മരണം; നാവുകൊണ്ട് അറുത്തു മുറിച്ചു കൊലപ്പെടുത്തിയതെന്ന് ശോഭാസുരേന്ദ്രൻ

തൃശൂർ: നാവുകൊണ്ട് അറുത്തു മുറിച്ചു കൊലപ്പെടുത്തിയ കാഴ്ചയാണ് കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ കേരളം കണ്ടതെന്ന് ശോഭാസുരേന്ദ്രൻ. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം കൊണ്ടുവന്നത് അഹങ്കാരത്തിനും അഴിമതിക്കും ഡോക്ടറേറ്റ് എടുക്കാൻ അല്ലെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ.

ഒരു വേദിയിൽ ക്ഷണിക്കാതെ കയറിച്ചെന്ന് ഉദ്യോഗസ്ഥനെതിരായി മോശമായി പെരുമാറിയത് പെട്ടെന്നുണ്ടായ വിചാരത്തിന് പുറത്തല്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരു ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ കത്തിയുടെ ആവശ്യമില്ല. അഴിമതിക്കാരനല്ലാത്ത ഉദ്യോഗസ്ഥനാണ് നവീൻ എന്ന് നാട്ടുകാർ പറഞ്ഞത് നമ്മൾ കേട്ടതാണെന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും അപമാനമാണ് പി പി ദിവ്യ എന്നും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗമായ ഒരു രാക്ഷസിയായി ദിവ്യ മാറിയെന്നും ശോഭാസുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ ഇത് രണ്ടാമത്തെ ഉദ്യോഗസ്ഥ കൊലപാതകമാണ് നടക്കുന്നത്. ക്രൂരമായ വേട്ടയാടലിന് വിധേയമായാണ് ആന്തൂരിൽ സാജൻ കൊല്ലപ്പെട്ടത്. ഭരണകൂടം രക്ഷിക്കാൻ ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന് കരുതരുതെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

അഴിമതിക്കാരനായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള കഴിവും പ്രാപ്തിയും സമൂഹത്തിനുണ്ട്. ഇത്രയും ദിവസം അഴിമതിക്കാരനെ കണ്ണൂരിൽ ജോലി എടുക്കാൻ ഇവർ സമ്മതിക്കുമോ എന്ന് ശോഭാസുരേന്ദ്രൻ ചോദിച്ചു. ദിവ്യയെ രക്ഷിക്കാം എന്നുള്ള ധാരണ മുഖ്യമന്ത്രി എടുക്കരുതെന്നും ദിവ്യക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നും ശോഭാസുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതോടൊപ്പം നവീന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങൾ നൽകുമെന്നും ശോഭാസുരേന്ദ്രൻ വ്യക്തമാക്കി.