കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക.
ദിവ്യക്കെതിരായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ രേഖകളും നിര്‍ണായകമാണ്. ഇതിലെ വിവരങ്ങള്‍ കൂടി ഉള്‍ചേര്‍ന്ന റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയത്.
പി പി ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുകയാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും. നവീന്‍ ബാബുവിന്റെ കുടുംബവും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ജാമ്യം നല്‍കരുതെന്ന് കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനും ശക്തമായി വാദിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാറാണ് ഹാജരാകുന്നത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമാണ് ദിവ്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Add Comment