Kerala

ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറെ പിരിച്ചുവിടാൻ തീരുമാനം

തിരുവനന്തപുരം: ജി എസ് ടി സ്റ്റേറ്റ് ടാക്സ് ഓഫീസറായ അനിൽ ശങ്കറിനെ പിരിച്ചുവിടാൻ തീരുമാനം. തിരിമറികൾ നടത്തിയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും പ്രൊമോഷൻ നേടിയെടുത്ത സംഭവത്തിലാണ് അവസാനം നടപടിയുണ്ടായിരിക്കുന്നത്.

അനിൽ ശങ്കറിനെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി നോട്ടീസ് നൽകിയെന്ന് കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എൽഡി ക്ലർക്ക് ആയാണ് അനിൽ ശങ്കർ സർവീസിൽ കയറിയത്. പിന്നീട് വകുപ്പുതല പരീക്ഷ പാസാവാതെ സർവീസ് ബുക്കിൽ തിരിമറി നടത്തിയും, വ്യാജ ബികോം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും ഇയാൾ സർവീസിൽ ഉയർന്നുയർന്ന് സ്റ്റേറ്റ് ടാക്സ് ഓഫീസർ വരെയായി. ശേഷം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയും വകുപ്പുതല പരീക്ഷയും പാസായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് ശേഷവും ഭരണാനുകൂല സംഘടനയിൽ പെട്ട അനിൽ ശങ്കര്‍ സംരക്ഷിക്കപ്പെട്ടിരുന്നു.

ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ പൊലീസിൽ പരാതി നൽകി. വ്യാജ സർട്ടിഫിക്കറ്റിൽ എംജി സർവ്വകലാശാലയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. അനിൽ ശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.