Fashion

അമ്മയായതിന് ശേഷമുള്ള ആദ്യ റാംപ് വാക്കിൽ തിളങ്ങി ദീപിക പദുകോൺ

ബോളിവുഡ് താരറാണിയും ഡിസൈനര്‍ കിങ്ങും ഒന്നിക്കുമ്പോഴുണ്ടാകുന്ന ഫാഷന്‍ മാജിക്ക് സങ്കല്‍പങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദീപിക പദുക്കോണ്‍ റാംപില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മയായതിന് ശേഷമുള്ള ആദ്യ റാംപ് വാക്ക്. താരറാണി കിരീടം തല്‍ക്കാലം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് നിശബ്ദം പ്രഖ്യാപിച്ചുകൊണ്ട് ആറ്റിറ്റിയൂഡ് ആവോളമിട്ട് മോണോക്രാറ്റിക് വൈറ്റ് വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍ റാംപിലൂടെ നടന്നു. മുംബൈയില്‍ നടന്ന സബ്യസാചിയുടെ 25-ാം വാര്‍ഷിക ഷോ ഓപ്പണ്‍ ചെയ്തുകൊണ്ടാണ് ദീപിക മടങ്ങിവരവ് കിക്ക് സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. താരം റാംപില്‍ നടക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിക്കഴിഞ്ഞു.

ലൂസ് ഷര്‍ട്ടിനും പാന്റിനും ഒപ്പം ഒരു ട്രെഞ്ച് കോട്ടുമണിഞ്ഞെത്തിയ ദീപികയുടെ ലുക്കിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത് റൂബിയും ഡയമണ്ടും പതിച്ച ചോക്കറും വലിയ ക്രോസ് പെന്‍ഡന്റുമാണ്. വലിയ റിങ്ങാണ് കാതില്‍ ധരിച്ചിരിക്കുന്നത്. കറുത്ത തുകല്‍ കയ്യുറകളും അതിനുമുകളിലായി ചങ്കി ബ്രേസ്‌ലെറ്റും കറുത്ത ഫ്രെയ്മിലുള്ള വലിയ ബോള്‍ഡ് ഗ്ലാസുകളും താരത്തിന് ഗോഥിക് ലുക്ക് നല്‍കുന്നു. ചിത്രകാരി ഫ്രിഡ കാഹ്ലോയുടേതിന് സമാനമായ ഹെയര്‍സ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത്. ബോള്‍ഡ് കളര്‍ ലിപ്സ്റ്റിക് കൂടി ആയതോടെ ഒരു കംപ്ലീറ്റ് ബോള്‍ഡ് ലുക്കാണ് താരത്തിന് കൈവന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏക രാജ്ഞിയെന്നാണ് ആരാധകര്‍ താരസുന്ദരിയെ വാഴ്ത്തിയിരിക്കുന്നത്. നടി രേഖയുമായും ദീപികയെ ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്. ‘ദീപികയുടെ വലിയ ആരാധകനാണ്, പക്ഷേ പുതിയ ലുക്കിലുള്ള ദീപികയെ തിരിച്ചറിയാന്‍ അഞ്ച് മിനിറ്റ് എടുത്തു’വെന്ന് ആരാധകരില്‍ ഒരാള്‍ കമന്റില്‍ കുറിച്ചു. ദീപികയ്ക്ക് രേഖയുടെ ബയോപിക് ചെയ്യാന്‍ കഴിയുമെന്നും പലരും അഭിപ്രായപ്പെട്ടു.

സോനം കപൂര്‍, ആലിയ ഭട്ട്, അദിതി റാവു ഹൈദാരി, അനന്യ പാണ്ഡെ, സിദ്ധാര്‍ത്ഥ്, ശബാന ആസ്മി, ശോഭിത ധൂലിപാല, ബിപാഷ ബസു തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്തു. അമ്മയാകുന്നതിനായി ഇടവേളയെടുത്ത ദീപിക തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ എട്ടിനാണ് ദീപികയ്ക്കും രണ്‍വീര്‍ സിങ്ങിനും മകള്‍ പിറന്നത്. ദുവ എന്നാണ് മകളുടെ പേര്. ബെംഗളുരുവില്‍ നടന്ന സംഗീതപരിപാടിയിലാണ് അമ്മയായതിന് ശേഷം അവര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.