ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും വിജയിച്ചു. ബിജെപിക്ക് ചരിത്ര നേട്ടം സമ്മാനിച്ച തന്റെ എല്ലാ സഹോദരീ സഹോദരന്മാരോടും നന്ദി അറിയിക്കുന്നു. ഡൽഹിയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായത് എല്ലാം ചെയ്യുമെന്ന ഉറപ്പ് തരുന്നതായും മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
‘വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി പ്രധാന പങ്കുവെക്കുന്നുവെന്ന് ഉറപ്പാക്കും. ഈ വലിയ ജനവിധിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച എല്ലാ ബിജെപി പ്രവർത്തകരെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കും’, മോദി പറഞ്ഞു. നുണ പറച്ചിലുകാരുടെ ഭരണം ഡൽഹിയിൽ അവസാനിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.
കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കൾക്കും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മത്സരം കാഴ്ചവെക്കാനായില്ല.
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എഎപിയുമായുണ്ടാക്കിയ സഖ്യം അവസാനിപ്പിച്ച് ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. തുടർച്ചയായ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു സീറ്റിൽ പോലും ഡൽഹിയിൽ നിന്നും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
Add Comment