Kerala

അജിത്കുമാറിൻ്റെ മെഡൽ വിതരണം നിർത്തിവച്ച് ഡിജിപി ഉത്തരവ്

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മെഡല്‍ തടഞ്ഞ് ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്. മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ ആണ് തടഞ്ഞത്.

പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലെ ചടങ്ങില്‍ വച്ച്‌ നാളെ രാവിലെ 9ന് മുഖ്യമന്ത്രി സമ്മാനിക്കേണ്ട മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനു വേണ്ടി എ.ഐ.ജി പദംസിംഗ് ഉത്തരവിറക്കി.

സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്നതിനാലാണ് മെഡല്‍ തടഞ്ഞത്. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നല്‍കുന്നത്.

എട്ടുമാസം മുൻപാണ് അജിത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അപേക്ഷിച്ചിരുന്നത്. ആഗസ്റ്റ് 13നാണ് മെഡല്‍ പ്രഖ്യാപിച്ചത്. അജിത്ത് അടക്കം 267ഉദ്യോഗസ്ഥർക്കാണ് മെഡല്‍.

സെപ്തംബർ ആദ്യം അജിത്തിനെതിരേ പി.വി.അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നാണ് വിവിധ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത്. മലപ്പുറം എസ്.പി ഓഫീസ് കോമ്ബൗണ്ടിലെ മരംമുറി, കള്ളക്കടത്ത് സ്വർണംപൊട്ടിക്കല്‍, കവടിയാറില്‍ ആഡംബര മാളികയുണ്ടാക്കല്‍, അവിഹിതസ്വത്ത് സമ്ബാദനം, കൈക്കൂലി എന്നിവയിലാണ് അജിത്തിനെതിരേ വിജിലൻസ് അന്വേഷണം.

തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം നേരിടുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച്‌ പൊലീസ് മേധാവിയും പൂരംകലക്കല്‍ ഗൂഢാലോചന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ സംഘവും വകുപ്പുകളുടെ വീഴ്ച ഇന്റലിജൻസ് മേധാവിയും അന്വേഷിക്കുകയാണ്. ഗൂഢാലോചനയെക്കുറിച്ച്‌ തൃശൂരില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അജിത്തിന്റെ മെഡല്‍ തടഞ്ഞത്. 2018ല്‍മെഡല്‍ ലഭിച്ചതിനാല്‍ ആലപ്പുഴയിലെ ഡിവൈ.എസ്.പി കെ.ജി.അനീഷിന്റെ മെഡലും തടഞ്ഞു.