Local

ന്യൂ ഇയർ ആശംസ പറഞ്ഞില്ല; മുള്ളൂർക്കരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

തൃശൂർ: ന്യൂ ഇയർ ആശംസ പറയാത്തതിൽ തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആറ്റൂർ സ്വദേശി അക്കരപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി എന്ന പാപ്പിയെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.

ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ ബന്ധുവീട്ടിൽ നിന്നുമാണ് ചെറുതുരുത്തി പോലീസ് പ്രതിയെ പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് ന്യൂ ഇയർ ആശംസകൾ അറിയിച്ചില്ല എന്നാക്രോശിച്ച് ബൈക്ക് യാത്രികനായ ആറ്റൂർ വളവ് സ്വദേശി 22കാരൻ സുഹൈബിനെ പ്രതി ബ്ലേഡ് കത്തികൊണ്ട് മുഖത്ത് മാരകമായി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. സുഹൈബിന്റെ മുഖത്തും കഴുത്തിലും കയ്യിലുമായി ശരീരത്തിൽ പലയിടത്തും ബ്ലേഡ് കത്തി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായി പരിക്കേറ്റിട്ടുണ്ട്.