പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് ദിവ്യ. എത്രയോ മുന്‍പ് അറസ്റ്റ് ചെയ്യാമായിരുന്നു. കുടുംബത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ദിവ്യക്കൊപ്പമാണെന്നും വി ഡി സതീശന് പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. പാര്‍ട്ടിയാണ് ദിവ്യയെ സഹായിച്ചത്. നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാര്‍ ആയി മാറിയെന്നും വി ഡി സതീശന് പ്രതികരിച്ചു.
ദിവ്യക്കെതിരായ കുറ്റങ്ങള്‍ പ്രകടമായി തെളിയിക്കാന്‍ കഴിയുന്നതാണെന്ന് സണ്ണി ജോസഫ് എംഎല്‍എ പ്രതികരിച്ചു. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടല്ല പോയതെന്ന് വ്യക്തമായി. ഓരോ വാദവും പൊളിയുന്നതാണ്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ സാങ്കേതിക വിദ്യകളും ഉണ്ട്. ഉത്തരേന്ത്യയിലേക്ക് കടന്നുകളഞ്ഞ മോഷണക്കേസ് പ്രതികളെ പിടിച്ച ചരിത്രമുണ്ട് കണ്ണൂര്‍ പൊലീസിന്. പൊലീസിന്റെ കൈകെട്ടിയിരിക്കുകയാണ്. രാഷ്ട്രീയ നിര്‍ദേശത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തു.
Add Comment