ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവര്‍ എംഎല്‍എ.
സ്വകാര്യ ചാനലിൻ്റെ പരിപാടിയിലൂടെയാണ് പിവി അൻവര്‍ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും. പിവി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെ പിവി അൻവര്‍ പ്രഖ്യാപിക്കും.
ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചേലക്കരയിലും പാലക്കാടും എന്തായാലും ഉണ്ടാകുമെന്നും ജനങ്ങള്‍ അനുകൂലമായിട്ടാണ് കാണുന്നതെന്നും പിവി അൻവര്‍ പറഞ്ഞു. ചേലക്കരയിലും പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. രണ്ടിടത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയിലാണ്. പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന വികാരമുണ്ട്.
ഇതേ സ്ഥിതിയാണ് സിപിഎമ്മും നേരിടുന്നത്. ചേലക്കരയില്‍ എഐസിസി അംഗമായ എൻകെ സുധീര്‍ ആയിരിക്കും ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസുകാര്‍ തന്നെയാണ് സുധീറിനെ നിര്‍ദേശിച്ചത്. ചേലക്കരയില്‍ മത്സരിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നുമാസായി അവിടെ പ്രചരണത്തിലായിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ സുധീർ പുറത്തായെന്നും അൻവര്‍ പറഞ്ഞു.
Add Comment