Food

സവാളയും ചെറിയുള്ളിയും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയാമോ?

ചെറിയുള്ളിയും വലിയുള്ളിയും ഇല്ലാത്ത അടുക്കള ഉണ്ടാകില്ല. ഉള്ളിയില്ലാത്ത കറി ചിന്തിക്കാനെ വയ്യ, കരയിപ്പിക്കാനുള്ള കഴിയും ഇവർക്കുണ്ട്. രണ്ടും ഉള്ളി​ ഗണത്തിൽ പെടുന്നതാണെങ്കിലും ഇവയുടെ രൂപത്തിലും വലുപ്പത്തിലും വ്യത്യാസമുണ്ട്. ആകൃതിയിൽ മാത്രമല്ല രുചിയിലും വ്യത്യാസമുണ്ട്. കൂടാതെ ഗുണങ്ങളുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ ചെറിയുള്ളി തന്നെയാണ്.

ഉള്ളിയും വലിയുള്ളിയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം

അല്പം ഉരുണ്ടിട്ട് വലുപ്പത്തിലുള്ള വലിയ ഉള്ളി അഥവാ സവാള കട്ടികൂടിയതാണ്. പല നിറത്തിലാണ് സവാളകളുള്ളത്. യെല്ലോ ഒനിയൻ, റെഡ് ഒനിയൻ, വൈറ്റ് ഒനിയൻ എന്നിങ്ങനെ പലതരത്തിലാണ് ഉള്ളികളുള്ളത്. നന്നായി അരിഞ്ഞ് എണ്ണയിൽ പൊരിച്ച് കോരിയെടുത്ത ഉള്ളി ബിരിയാണിയുടെ മുകളിൽ വിളമ്പി കഴിക്കുമ്പോൾ ലഭിക്കുന്ന രുചി പറഞ്ഞറിയിക്കാനാകില്ല.

ചെറിയ ഉള്ളി ചില്ലറക്കാരനല്ല. സവാളയേക്കാൾ മിടുക്കനാണ് ചെറിയ ഉള്ളിയെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. സവാളയേക്കാൾ കൂടുതൽ കലോറി ചെറിയുള്ളിയിൽ അടങ്ങിയിട്ടുണ്ട്.100 ​ഗ്രാം ഉള്ളിയിൽ ഏകദേശം 40 കലോറിയാണുള്ളത്. ചെറിയുള്ളിയിൽ ഇത് 72 കലോറിയാണ്. 100 ​ഗ്രാം ചെറിയുള്ളിയിൽ‍ 2.6 ​ഗ്രാം ഫൈബർ ഉള്ളപ്പോൾ ഉള്ളിയിൽ അത് 1.7 ​ഗ്രാം ആണ്. അധികമായുള്ള ഫൈബർ ദഹനത്തെ സഹായിക്കുകയും വയറ് നിറഞ്ഞിരിക്കുകയാണെന്ന തോന്നൽ കൂടുതൽ നേരം നൽകുകയും ചെയ്യുന്നു. ചുവന്ന ഉള്ളിയിൽ ആൻ്റി ഓക്സിഡൻ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ചുവന്ന ഉള്ളി നല്ലതാണ്.

ഉള്ളിയും ചെറിയുള്ളിയും വൈറ്റമിൻ സിയുടെ കലവറ കൂടിയാണ്. 100 ​ഗ്രാം ചെറിയുള്ളിയിൽ 8.4 മില്ലി ​ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഉള്ളിയിൽ ഇത് 7.4 മില്ലി ​ഗ്രാം ആണ്. പ്രതിരോധ ശക്തി ഒന്നുകൂടെ ശക്തമാക്കണമെന്ന് തോന്നുകയാണെങ്കിൽ ചെറിയുള്ളിയാണ് ഉള്ളിയേക്കാൾ നല്ലത്. കൂടാതെ രണ്ടും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പന്നമാണ്. ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ഘടകം ചെറിയറിയുള്ളിയിൽ കൂടുതലാണ്.

സവാള അരിയുമ്പോൾ‌ കരയുന്നത് സാധാരണ സംഭവമാണ്. ഇത് ഒഴിവാക്കാനായി ഇങ്ങനെ ചെയ്തുനോക്കൂ., സവാള തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി രണ്ടാക്കി മുറിച്ച ശേഷം 10 മിനിറ്റ് വെള്ളത്തിലിട്ടുവെക്കുക. ഇതുവഴി സവാളയിൽ നിന്ന് ​ഗ്യാസ് പുറത്തേക്ക് പോകുന്നത് തടയുന്നു. ശേഷം കനം കുറച്ച് അരിയാം. കഴുകി വൃത്തിയാക്കിയ സവാള ഒരു കണ്ടെയ്നറില്‌ അടച്ച് 10 മിനിറ്റ് ഫ്രിജിൽ വയ്ക്കാം.

ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് അതിൽ കുറച്ച് ആപ്പിൾ സിഡര്‌ വിന​ഗറും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് രണ്ടായി മുറിച്ചെടുത്ത സവാള ഇടാം, കുറഞ്ഞത് അഞ്ച് മിനിറ്റ് ഇട്ടുവെക്കണം. അതുപോലെ, കട്ടിങ് ബോർഡിൽ ഈ വിനാ​ഗിരി പുരട്ടുന്നതും നല്ലതാണ്.

Tags