Lifestyle

ടോയ്‌ലറ്റ്‌ പേപ്പർ ഉപയോ​ഗിച്ച് ടോയ്‌ലറ്റിൻ്റെ ഇരിക്കുന്ന സീറ്റ് തുടയ്ക്കാറുണ്ടോ?…

നിങ്ങൾ ടോയ്‌ലറ്റ്‌ പേപ്പർ ഉപയോ​ഗിച്ച് ടോയ്‌ലറ്റിൻ്റെ ഇരിക്കുന്ന സീറ്റ് തുടയ്ക്കാറുണ്ടോ? ചിലരെങ്കിലും അങ്ങനെ ചെയ്യുന്നവരുണ്ടാകും. എന്നാൽ അങ്ങനെ ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ അത്തരത്തിൽ പേപ്പർ ഉപയോഗിച്ച് സീറ്റ് തുടയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ജാപ്പനീസ് ടോയ്‌ലറ്റ് നിർമ്മാണ കമ്പനിയായ ടോട്ടോ.

ടോയ്‌ലറ്റ് പേപ്പർ ഉപയോഗിച്ച് തുടച്ചതിന് ശേഷം പുതുതായി ഇൻസ്റ്റാൾ ചെയ്ത ടോയ്‌ലറ്റ്‌ സീറ്റിന് പോറൽ പറ്റിയത് ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് ജാപ്പനീസ് ടോയ്‌ലറ്റ് ബൗൾ നിർമ്മാതാവായ ടോട്ടോ ഇത്തരത്തിൽ നിർദേശം പുറ‍പ്പെടുവിച്ചത്.

പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ചാണ് ടോയ്‌ലറ്റ്‌ സീറ്റ് നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ടോയ്‌ലറ്റ് പേപ്പറോ ഉണങ്ങിയ തുണിയോ ഉപയോഗിച്ച് സീറ്റ് തുടയ്ക്കുന്നത് ചെറിയതും അദൃശ്യവുമായ പോറലുകൾക്ക് കാരണമാകും. ഇത് പോറൽ വന്ന സ്ഥലങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടാനും അത് നിറവ്യത്യാസത്തിലേക്ക് നയിക്കുകയും ചെയ്യും. ടോട്ടോയുടെ മുൻനിര ബിഡെറ്റ് ടോയ്‌ലറ്റിൽ ഒരു ഓട്ടോമാറ്റിക് ലിഡ്, എയർ ഡ്രയർ, ബിഡെറ്റിൻ്റെ വാട്ടർ സ്ട്രീമിനുള്ള പ്രഷർ കൺട്രോളുകൾ എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ടോയ്‌ലറ്റ് സീറ്റുകളിൽ ഒന്നാണിത്. തങ്ങളുടെ ടോയ്‌ലറ്റിൻ്റെ മെറ്റീരിയൽ മാറ്റാൻ നിലവിൽ പദ്ധതിയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

വിദഗ്ധരുടെ അഭിപ്രായത്തിൽ ഉണങ്ങിയ ടോയ്‌ലറ്റ് പേപ്പറിന് പകരം, ടോയ്‌ലറ്റ് സീറ്റ് തുടയ്ക്കാൻ വെള്ളത്തിൽ നനച്ച മൃദുവായ തുണിയോ ഡിറ്റർജൻ്റോ ഉപയോഗിക്കാം. ടോയ്‌ലറ്റ് സീറ്റിൻ്റെ ഉപരിതലത്തിന് കേടുപാടുകൾ വരുത്തുന്ന കനംകുറഞ്ഞ സ്‌ക്രബ്ബറുകൾ, നൈലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ഉരച്ചിലുകൾ എന്നിവ ഉപയോഗിക്കരുതെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്. ടോയ്‌ലറ്റ് സീറ്റ് തുടയ്ക്കാതിരിക്കുന്നതിന് പുറമേ അതിൽ കൂടുതൽ നേരം ഇരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags