ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു.
തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നൽകിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
’ഗാർഹിക പീഡന, സ്ത്രീധന പീഡന കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേയുള്ള വ്യക്തിപരമായ പക തീർക്കാൻ നിയമം ഉപയോഗിക്കരുത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത വേണം’, കോടതി വ്യക്തമാക്കി.
ഭാര്യയിൽ നിന്ന് വ്യാജ സ്ത്രീധനപീഡന ആരോപണം നേരിട്ട ഐ ടി ജീവനക്കാരനായ അതുൽ സുഭാഷ് എന്ന 34 കാരൻ ബെംഗളൂരുവിൽ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത സംഭത്തിൽ രാജ്യമൊട്ടാകെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
Add Comment