World

കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊളംബിയയ്‌ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ സൈനിക വിമാനം തടഞ്ഞതോടെയാണ് നടപടി. മറ്റൊരു രാജ്യങ്ങളുടെ മേല്‍ ട്രംപ് നടപ്പിലാക്കുന്ന സാമ്പത്തിക സമ്മര്‍ദത്തിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് ട്രംപ് അറിയിച്ചത്. സഹകരിച്ചാല്‍ മതിയെന്നും പ്രകോപനമുണ്ടാക്കരുതെന്നും ട്രംപ് കൊളംബിയയ്ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപിന്റെ അറിയിപ്പിന് പിന്നാലെ അമേരിക്കന്‍ ഇറക്കുമതികളുടെ താരിഫിന് 25 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്താന്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വാണിജ്യ മന്ത്രാലയത്തിനോട് ഉത്തരവിട്ടു.

അമേരിക്കയില്‍ തങ്ങളുടെ മനുഷ്യാധ്വാനത്തിന്‍ ഫലം ഇറക്കുമതി ചെയ്യുന്നതിന് 50 ശതമാനം താരിഫ് ചുമത്തിയാല്‍ തങ്ങളും അത് തന്നെ ചെയ്യുമെന്ന് പെട്രോ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. തനിക്കും വീറും വാശിയുണ്ടെന്നും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഗുസ്താവോ പെട്രോ വ്യക്തമാക്കി.

ഇത് പ്രാരംഭം മാത്രമാണെന്നും നിയപരമായ ബാധ്യതകള്‍ ലംഘിക്കാന്‍ കൊളംബിയന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് വിരസമാണെന്നും ട്രൂഡോയും പ്രതികരിച്ചു. കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള രണ്ട് അമേരിക്കന്‍ സായുധ വിമാനങ്ങളെ തടഞ്ഞതായി പെട്രോ അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കുറച്ച് കൂടി നല്ല പ്രോട്ടോക്കോളുകളുണ്ടാക്കണമെന്നും അമേരിക്കയോട് പെട്രോ നിര്‍ദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് താരിഫ് ഉയര്‍ത്തുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്. ഇതുകൂടാതെ കൊളംബിയന്‍ പൗരന്മാര്‍ക്കുള്ള യാത്രാ വിലക്കും അമേരിക്കയിലെ കൊളംബിയന്‍ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.