ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ ഡൽഹി പോലീസ് പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ദിവസങ്ങൾക്ക് മുന്നേയാണ് 5620 കോടി രൂപയുടെ ലഹരിമരുന്നുകൾ പോലീസ് ഡൽഹിയിൽ നിന്നും പിടികൂടിയത്.
പടിഞ്ഞാറൻ ഡൽഹിയിലെ രമേശ് നഗറിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഒരു കടയിൽ നിന്നാണ് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പോലീസ് പിടിച്ചെടുത്തത്. ലഘു ഭക്ഷണങ്ങൾ എന്നു തോന്നിക്കുന്ന ചെറു പായ്ക്കറ്റുകളിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. കാർഡ്ബോർഡ് പെട്ടിയൽ സൂക്ഷിച്ചിരുന്ന ഇത്തരത്തിലുള്ള 20-25 പായ്ക്കറ്റുകളാണ് പോലീസ് രമേശ് നഗറിലെ കടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ മഹിലാൽപ്പൂരിൽ നിന്നും 5000 കോടിയലധികം വിലമതിക്കുന്ന 562 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്ത സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. നിലവിൽ രമേശ് നഗറിൽ നിന്നും പിടിച്ചെടുത്തത് 208 കിലോഗ്രാം ലഹരിമരുന്നാണെന്നും. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 2080 കോടി രൂപ വിലയുണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്ത്യൻ വംശജനായ ഒരു യു.കെ പൗരനാണ് ലഹരിമരുന്നുകൾ സൂക്ഷിച്ചതെന്നും ഇയാൾ ഇപ്പോൾ ഒളിവിലൊണെന്നും പോലീസ് പറഞ്ഞു. നേരത്തെയുള്ള ലഹരിഹമരുന്നു വേട്ടയുമായി ബന്ധപ്പെട്ടു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പ്രത്യേക സംഘം രമേശ്നഗറിൽ തിരച്ചിൽ നടത്തി ലഹരിമരുന്നുകൾ കടിയിൽ നിന്നും പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു.
യു.കെ പൌരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ഡിനായി പോലീസ് കടയിൽ എത്തും മുൻപേ ഇയാൾ അവിടെ നിന്നും രക്ഷപെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ രമേശ് നഗറിലുള്ള കട വാടകയ്ക്കെടുത്തത്. കടയുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും പോലീസ് പറഞ്ഞു. വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ടാണ് യു.കെ പൌരൻ കട വാടകയ്ക്കെടുത്തതെന്നാണ് കട ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇയാൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലഹരിമരുന്ന് വിതരണം ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.
ഒക്ടോബർ 3ന് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിലാൽപ്പൂരിലെ ഒരു ഗോഡൌണിൽ നിന്ന് എകദേശം 5620 കോടി രൂപ വില മതിയ്ക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 കിലോ കഞ്ചാവും ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ തുഷാർഗോയൽ (40), ഹിമാൻഷു കുമാർ(27,ഡൽഹി സ്വദേശിയായ ഔറംഗസീബ് സിദ്ദിഖി(23), മുംബൈ സ്വദേശിയായ ഭരത് കുമാർ ജെയ്ൻ(48) എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി അടക്കമുള്ള മെട്രോനഗരങ്ങളിൽ നടക്കുന്ന പാർട്ടികളിലും മറ്റും വലിയതോതിൽ ലഹരിമരുന്നു വിൽക്കാനായിരുന്നു പ്രതികൾ ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
Add Comment