World

യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ വിമർശിച്ച് ഇലോൺ മസ്ക്

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയെ വിമർശിച്ച് ടെസ്‌ല മേധാവിയും വൈറ്റ്ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക്. മൂന്ന് വർഷം മുമ്പ് റഷ്യ- യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടെ സെലൻസ്കി വോഗ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന് എതിരെയാണ് മസ്കിന്റെ വിമർശനം. വോഗ് കവർ ഫോട്ടോ ഉൾപ്പെടുത്തിയ എക്‌സിലെ പോസ്റ്റിനുള്ള മറുപടി നൽകി കൊണ്ടാണ് മസ്‌കിന്റെ എക്സ് പോസ്റ്റ്. യുദ്ധ ഭൂമിയിൽ കുട്ടികൾ മരിച്ചു വീഴുമ്പോഴാണ് അദ്ദേഹം ഇത് ചെയ്തത് എന്ന കുറിപ്പോട് കൂടിയാണ് മസ്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സെലെൻസ്‌കിയുടെയും ഭാര്യ ഒലീന സെലെൻസ്‌കയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വോഗ് ഫോട്ടോഷൂട്ട് പ്രശസ്ത ഫൊട്ടോഗ്രഫർ ആനി ലീബോവിറ്റ്‌സാണ് എടുത്തിരിക്കുന്നത്. ധീരതയുടെ ഛായ ചിത്രം; യുക്രെയ്ൻ പ്രഥമ വനിത ഒലീന സെലൻസ്ക എന്ന തലക്കെട്ടോടു കൂടിയാണ് വോഗ് ചിത്രത്തിന്റെ ഫീച്ചർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനം പ്രധാനമായും സെലെൻസ്‌കിയെ കേന്ദ്രീകരിച്ചായിരുന്നു.

2022ൽതന്നെ ഫോട്ടോഷൂട്ടിനെതിരെ വിമർശനം ഉയർന്നിരുന്നു. റിപ്പബ്ലിക്കൻ കോൺഗ്രസ് വനിത ലോറൻ ബോബർട്ട് ഉൾപ്പെടെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ഞങ്ങൾ യുക്രെയിന് 60 ബില്യൺ ഡോളർ സഹായം അയയ്ക്കുമ്പോൾ സെലെൻസ്‌കി വോഗിനായി ഫോട്ടോഷൂട്ടുകൾ നടത്തുകയാണെന്ന് ലോറൻ ബോബർട്ട് അന്ന് പറഞ്ഞിരുന്നു.

വ്ളാഡിമിർ സെലൻസ്കിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്നലെ രം​ഗത്തെത്തിയിരുന്നു. സെലന്‍സ്കി സ്വേച്ഛാധിപതി ആണെന്നായിരുന്നു ട്രംപിന്റെ വിശേഷണം. സെലന്‍സ്കി വേഗത്തില്‍ തീരുമാനം എടുത്തില്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകുമെന്നും ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് റഷ്യന്‍ നുണകളിലാണ് ജീവിക്കുന്നതെന്ന സെലന്‍സ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.