Sports

ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഇംഗ്ലീഷ് അവതാരിക ഇസ ഗുഹ

ഇന്ത്യയുടെ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംമ്രയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഇസ ഗുഹ. ഗാബ ടെസ്റ്റിനിടെ ബുംമ്രയെ കുരങ്ങ് എന്ന പരാമർശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരസ്യമായി ക്ഷമ പറഞ്ഞ് ഇസ രംഗത്തെത്തിയത്. ഇന്ത്യന്‍ പേസറുടെ മിന്നും പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

ഗാബ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വിവാദങ്ങൾക്ക് കാരണമായ സംഭവം അരങ്ങേറിയത്. രണ്ട് ഓസ്‌ട്രേലിയൻ ഓപണർമാരെയും ബുംമ്ര പുറത്താക്കിയതിന് ശേഷം ഇന്ത്യൻ ബൗളറെ ബ്രെറ്റ്ലീ പ്രശംസിച്ചതിന് മറുപടിയായാണ് ഗുഹയിൽ നിന്ന് വംശീയ പരാമർശമുണ്ടായത്. ബുംമ്ര ഏറ്റവും വിലപിടിപ്പുള്ള പ്രൈമേറ്റ് (കുരങ്ങുകൾ അടങ്ങുന്ന വംശം) ആണെന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റില്‍ കമന്ററിക്കിടെ ഇസ താരത്തെ വിശേഷിപ്പിച്ചത്. ‘പ്രൈമേറ്റ്’ എന്ന വാക്ക് ഉപയോഗിച്ചത് സോഷ്യൽ മീഡിയയില്‍ വലിയ വിവാദമാവുകയും ആരാധകർ ഗുഹയെ വിമർശിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘ഇന്നലെ കമന്ററിയിൽ ഞാൻ പല തരത്തിൽ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഉപയോഗിച്ചു. എനിക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളെ, ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്’, മൂന്നാം ദിവസത്തെ കളിയുടെ തുടക്കത്തിൽ ഗുഹ പറഞ്ഞു. മാപ്പു പറഞ്ഞതിനെ തുടർന്ന് ഇസ ഗുഹയെ അഭിനന്ദിച്ച് കമന്റേറ്റർമാരായ രവി ശാസ്ത്രിയും ആദം ഗിൽക്രിസ്റ്റും രംഗത്തെത്തുകയും ചെയ്തു.