കണ്ണൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രസംഗിക്കാൻ ഇ പി ജയരാജനെത്തും. നവംബർ 14നാണ് ഇ പി ജയരാജൻ്റെ പാലക്കാട്ടെ പൊതുയോഗം. പാലക്കാട് ബസ്റ്റാൻഡ് പരിസരത്താണ് ഇ പി ജയരാജൻ സംസാരിക്കുക. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ഇപി പാലക്കാട് എത്തുന്നത്.
ചേലക്കര-വയനാട് ഉപതിരഞ്ഞെടുപ്പ് ദിവസം പുറത്ത് വന്ന ഇപിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതുമുന്നണിയുടെ പാലക്കാട് സ്ഥാനാർത്ഥി പി സരിൻ്റെ സ്ഥാനാർത്ഥിത്വവും ചർച്ചയായിരുന്നു. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നായിരുന്നു സരിനുമായി ബന്ധപ്പെട്ട് ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന നിലപാട്. പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നാണ് പുറത്ത് വന്ന വിവരം.
വിഷയത്തിൽ പ്രതികരണവുമായി സരിനും രംഗത്ത് വന്നിരുന്നു. ഇ പി ജയരാജൻ തന്നെ വാർത്തകൾ നിഷേധിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതാണെങ്കിൽ വിഷയം ചർച്ചയാകണമെന്നുമായിരുന്നു പി സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘സഖാവ് ഇ പി ജയരാജൻ വാർത്തകൾ നിഷേധിച്ചു. ഞാനൊരു പച്ചയായ മനുഷ്യനാണെന്ന് വിലയിരുത്തപ്പെടേണ്ട ഒരു തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങൾ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോൾ അങ്ങനൊരു പരാമർശമുണ്ടെങ്കിൽ ഞാൻ പ്രതികരിച്ചാൽ പോരെ’, എന്നായിരുന്നു സരിൻ്റെ പ്രതികരണം.
Add Comment