Lifestyle

ഫ്രീ ഫാള്‍ ചെയ്യുന്ന സമയത്ത് അപസ്മാരം; അതിസാഹസികമായി രക്ഷാപ്രവർത്തനം

ഞെട്ടിപ്പിക്കുന്ന ഒരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്രീ ഫാള്‍ ചെയ്യുന്ന സമയത്ത് അപസ്മാരം വന്ന സ്‌കൈ ഡൈവറെ അത്ഭുതകരമായി രക്ഷിക്കുന്ന സാഹസിക വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 2015ല്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

ക്രിസ്റ്റഫര്‍ ജോണ്‍ എന്നയാള്‍ക്കാണ് അപസ്മാരം അനുഭവപ്പെട്ടത്. അബോധാവസ്ഥയില്‍ സ്‌കൈഡൈവര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി താഴേക്ക് പതിക്കാന്‍ പോകുന്നത് വീഡിയോയില്‍ കാണാം. കൃത്യസമയത്ത് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. ഒപ്പം സ്‌കൈ ഡൈവിങ്ങിനെത്തിയ ആളും സ്‌കൈ ഡൈവിങ് ഇന്‍സ്ട്രക്ടറും കൂടിയാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയത്.

ഇന്‍സ്ട്രക്ടര്‍ ഷെല്‍ഡണ്‍ മക്ഫാര്‍ലെയ്ന്‍ 4000 അടി ഉയരത്തില്‍ നിന്നാണ് ക്രിസ്റ്റഫറിനെ സാഹസികമായി രക്ഷിച്ചത്. ഇന്‍സ്ട്രക്ടര്‍ ഷെല്‍ഡണ്‍ മക്ഫാര്‍ലെയ്നിന്‍റെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

വായുവില്‍ തങ്ങളുടെ അടുത്തേക്ക് എത്തിയ ക്രിസ്റ്റഫറിന്റെ ലാന്‍ഡിംഗ് ക്രമീകരിച്ച് റിപ്പ് കോഡ് വലിച്ച് പാരച്യൂട്ട് ഉയര്‍ത്തിയാണ് രക്ഷിച്ചത്. ഇതോടെ സ്‌കൈഡൈവര്‍ സുരക്ഷിതമായി നിലത്ത് ഡാന്‍ഡ് ചെയ്തു. വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായതോടെ ഇന്‍സ്ട്രക്ടറെ പലരും പ്രശംസിച്ചു. സാഹസിക വിനോദങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള അപകടങ്ങളും ഉണ്ടാകാറുണ്ട്. വിനോദ സംഭവിക്കുന്ന ഇത്തരം ചെറിയ അപകടങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെയും വൈറലായിട്ടുണ്ട്.