Kerala

എ.ടി.എം കവർച്ച കേസ് പ്രതിയുമായി തെളിവെടുപ്പ്

തൃശ്ശൂർ: ജില്ലയിലെ മൂന്ന് എ.ടി.എമ്മുകള്‍ തകർത്ത് 65 ലക്ഷത്തോളം കവർന്ന സംഭവത്തിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി

പ്രതികളെ പിടികൂടുന്നതിനിടെ തമിഴ്നാട്ടിലെ നാമക്കലില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് കാല്‍ നഷ്ടപ്പെട്ട അഷ്കർ അലിയുമായാണ് പോലീസ് വ്യാഴാഴ്ച തെളിവെടുപ്പിനെത്തിയത്. ചികിത്സയിലായതിനെത്തുടർന്ന് അന്ന് തെളിവെടുപ്പിന് അയാളെ കൊണ്ടുവരാനായിരുന്നില്ല. ഏറ്റുമുട്ടലില്‍ കവർച്ചസംഘത്തില്‍പ്പെട്ട ജലാലുദ്ദീൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

2024 സെപ്റ്റംബർ 27-നായിരുന്നു വൻ കവർച്ച. ഹരിയാനയിലെ പല്‍വല്‍ ജില്ലക്കാരായ ഏഴംഗസംഘമാണ് കവർച്ചനടത്തിയത്. ഇതില്‍ അഞ്ചു പ്രതികളുമായി ഒക്ടോബർ മാസത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അഷ്കർ അലിയുമായി വ്യാഴാഴ്ച ഈസ്റ്റ് പോലീസ് തെളിവെടുപ്പിനെത്തിയത്.

കവർച്ചനടന്ന ഷൊർണൂർ റോഡിലെ എ.ടി.എം., എ.ടി.എം. ട്രേകളും മോഷണത്തിനായി ഉപയോഗിച്ച സാധനങ്ങളും ഉപേക്ഷിച്ച താണിക്കുടം പുഴയുടെ ഭാഗം, മോഷണസമയത്ത് സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയില്‍ കയറ്റിയ മണ്ണുത്തി ഹൈവേ ഭാഗം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് ഉണ്ടായിരുന്നത്. രണ്ടു ദിവസത്തെ തെളിവെടുപ്പു പൂർത്തിയാക്കി ഇയാളെ തമിഴ്നാട് പോലീസിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.