India

ഓട്ടോ ഡ്രൈവർ മുഖത്തടിച്ചു; കുഴഞ്ഞുവീണ മുൻ എം.എൽ.എ മരിച്ചു

പനാജി: ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എംഎല്‍എ ലാഓ മമലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍ വെച്ച്‌ എതിരെ വന്ന ഓട്ടോറിക്ഷയില്‍ മമലേദറിന്റെ കാർ തട്ടിയിരുന്നു. ഇതോടെ ഓട്ടോ റിക്ഷ ഡ്രൈവറും മമലേദറും തമ്മില്‍ തർക്കമുണ്ടായി. ഓട്ടോ ഡ്രൈവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ തരില്ലെന്ന നിലപാടായിരുന്നു മമലേദർ സ്വീകരിച്ചത്.

പിന്നാലെ മമലേദർ ഹോട്ടലിലേക്ക് മടങ്ങി. ഇദ്ദേഹത്തെ പിന്തുടർന്ന് എത്തിയ ഓട്ടോ ഡ്രൈവർ ഹോട്ടലിന് മുന്നില്‍ വെച്ച്‌ എംഎല്‍എയെ മർദിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ മമലദേറിന്റെ മുഖത്തടിക്കുന്നതിന്റേയും മർദിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷം ഹോട്ടലിലേക്ക് കയറുന്നതിനിടെ റിസപ്ഷനില്‍ മമലേദർ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുമെന്നും അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സൗത്ത് ഗോവയിലെ പോണ്ട മണ്ഡലത്തില്‍ നിന്ന് 2012 ലാണ് മഹാരാഷ്ട്രവാദി ഗോമണ്ടക് പാർട്ടി
(എംജിപി) ടിക്കറ്റില്‍ ലാഓ മമലേദർ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2017ല്‍ വീണ്ടും പോണ്ടയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ എംജിപിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ 2021ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. മൂന്ന് മാസത്തിനകം പാർട്ടി വിട്ടു. ടിഎംസി ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. 2022 അസംബ്ലി തിരഞ്ഞെടുപ്പ് മുന്നോടിയായാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. മർകൈം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.

Tags