India

വ്യാജ ബോംബ് ഭീഷണി, വ്യോമയാന നിയമത്തിൽ ഭേദ​ഗതി, കനത്ത ശിക്ഷ ലഭിക്കും; റാം മോഹൻ നായിഡു

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ നിരന്തരം ഉയരുന്ന ബോംബ് ഭീഷണികളെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചക്കിടെ എട്ട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വിമാനങ്ങൾക്ക് നേരെ വ്യാജഭീഷണി മുഴക്കുന്നവർക്ക് വിലക്ക് വരും. കുറ്റവാളികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. എയർലൈനുകളുടെ നേർക്ക് വരുന്ന വ്യാജ ഭീഷണികളെ കൊഗ്നിസബിൾ ഒഫൻസിന് കീഴിൽ ഉൾപ്പെടുത്തും. മറ്റ് മന്ത്രാലയങ്ങളുമായും ചർച്ച നടത്തും. വ്യോമയാന നിയമങ്ങളിൽ ഭേതഗതി വരുത്തുന്നതിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായും കേന്ദ്രവ്യോമയാന മന്ത്രി വ്യക്തമാക്കി.

ഭീഷണികളെ കുറിച്ച് ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്. വ്യാജ ഭീഷണിയാണെങ്കിലും സുരക്ഷാ പരിശോധന കർശനമായി നടക്കും. ഭീഷണി നേരിടുന്നതിൽ വ്യോമയാന നിയമത്തിൽ ഭേദ​ഗതി നടത്തും. യാത്രക്കർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കുക എന്നതാണ് തങ്ങളുടെ മുൻഗണന. തുടർച്ചയായ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ ഭീകരാക്രമണ ഭീഷണി മുഴക്കിയിരുന്നു. അടുത്ത മാസം ആരും തന്നെ എയർ ഇന്ത്യ എക്സ്പ്രസിൽ കയറരുത് എന്നായിരുന്നു ഭീകര നേതാവിന്റെ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിമാന കമ്പനി. സിഖ് കൂട്ടക്കൊല നടന്നതിന്റെ 40ാം വാർഷികമാണ് അടുത്ത മാസം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി പന്നുൻ രംഗത്ത് എത്തിയത്.

അടുത്ത മാസം ഒന്ന് മുതൽ 19 വരെയുള്ള തിയതികളിൽ ആരും എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യരുത് എന്നാണ് പന്നുന്റെ മുന്നറിയിപ്പ്. വിമാനം ബോംബ് വച്ച് തകർക്കുമെന്നും ഭീഷണിയുണ്ട്. വീഡിയോയിലൂടെയാണ് പന്നുൻ ഭീഷണി മുഴക്കിയത്. കഴിഞ്ഞ വർഷം നവംബറിലും സമാന രീതിയിൽ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. ഇതിനിടെയാണ് ഖാലിസ്ഥാൻ ഭീകര നേതാവ് തന്നെ രംഗത്ത് എത്തിയത്. നേരത്തെ വന്ന ഭീഷണികൾക്കും പിന്നിലും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് ആണ് ഇത് അധികൃതരെ എത്തിക്കുന്നത്.