India

രാജ്യത്ത് വ്യാജ ബോംബ് ഭീഷണി തുടർക്കഥയാകുന്നു; വിമാനക്കമ്പനികൾക്ക് നഷ്ടം 600 കോടി

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സർവീസിന് അഞ്ചുമുതൽ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാൽ ഓരോ വിമാന സർവീസിനും വിവിധ കാരണങ്ങളാൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങൾക്ക് ചെലവേറും. ഇങ്ങനെ 170-ലധികം സർവീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോർട്ട്.

പ്രധാനമായും ബോംബ് ഭീഷണി മൂന്ന് അക്കൗണ്ടുകളിൽനിന്നാണ് വന്നത്. ഇവ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ ചൊവ്വാഴ്ച 50 ഭീഷണികളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എട്ടുകേസുകളെടുത്തു. ഭീഷണികൾ തുടരുന്നതിനാൽ യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാക്കാതെ വിമാനത്താവളങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.

ബോംബ് ഭീഷണി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യാൻ സ്വകാര്യ നെറ്റ് വർക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ആഭ്യന്തരമന്ത്രാലയ ഏജൻസികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുടെ ഡൽഹി-ദമാം, ഈസ്താംബൂൾ-മുംബൈ, ഈസ്താംബൂൾ-ഡൽഹി, മംഗലാപുരം-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ് -ജിദ്ദ, ലഖ്നൗ-പുണെ എന്നിവയ്ക്കും ചൊവ്വാഴ്ച ഭീഷണിയുണ്ടായി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായി കമ്പനി വക്താവ് അറിയിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായ വിവരം വിസ്താര എയർലൈൻസും എയർ ഇന്ത്യയും സ്ഥിരീകരിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെത്തുടർന്ന് എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പിന്തുടരുന്നതായി ആകാശ എയർ വക്താവ് വ്യക്തമാക്കി. ഇ-മെയിൽ സന്ദേശങ്ങൾ വഴിയും ഭീഷണി ലഭിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന വാക്കുകളും വരികളും ഉൾക്കൊള്ളിച്ചാണ് വ്യാജ സന്ദേശങ്ങളെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉൾപ്പെടെ ബോംബ് ഭീഷണി മുഴക്കിയ 17 വയസ്സുകാരനെ മുംബൈ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു.