Kerala

മൂന്നു വയസുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് കുടുംബം

കോട്ടയം: മൂന്ന് വയസുകാരിയുടെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുടുംബം. വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശി വിഷ്ണു സോമന്റെ മകള്‍ അപർണ്ണികയാണ് മരിച്ചത്.

ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ആരോപണം. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇന്നലെ രാവിലെ 8.30 ഓടെയാണ് കുട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ്‌ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 11 നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഴപ്പമില്ലെന്ന് നിർദ്ദേശിച്ച്‌ ആശുപത്രി അധികൃതർ മടക്കിയതായി മാതാപിതാക്കള്‍ പറഞ്ഞു.

എന്നാല്‍ വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേദന കഠിനമായതോടെ വൈകിട്ടോടെ കുട്ടികളുടെ ആശുപത്രിയില്‍ വീണ്ടും എത്തി. ഡോക്ടറെ വീട്ടില്‍ പോയി കണ്ടു, തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാല്‍ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് മാതാവ് പറഞ്ഞു. ഡ്രിപ്പ് ഇട്ടെങ്കിലും പിറ്റേന്ന് രാവിലെ ഏഴായിട്ടും പകുതിപോലും തീർന്നില്ല. ഇതോടെ നഴ്സിംഗ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.

ചൊവാഴ്ച രാവിലെ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ സ്ഥിതി ഗുരുതരമായതിനാല്‍ ഐസിയുവിലേക്ക് മാറ്റി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റതായുള്ള സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഇവർ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരൂ.