മെൽബണിലും നിറം മങ്ങിയ പ്രകടനം കാഴ്ച വെച്ച രോഹിതിനെ വിമർശിച്ച് ആരാധകർ രംഗത്ത്. മെൽബണിൽ അഞ്ച് പന്തിൽ മൂന്ന് റൺസ് നേടിയ രോഹിത് ഇത് വരെ ഈ പരമ്പരയിൽ കളിച്ച അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 22 റൺസാണ് നേടിയത്. ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയാക്കട്ടെ ഈ പരമ്പരയിൽ 25 വിക്കറ്റുകൾ നേടി. ഇതിനെ താരതമ്യപ്പെടുത്തിയാണ് വിമർശനം.
അതേ സമയം വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് പെർത്തിൽ കളിച്ചിരുന്നില്ല. എന്നാൽ അഡലെയ്ഡിലെ ആദ്യ ഇന്നിങ്സിൽ മധ്യനിരയിലിറങ്ങിയ താരം മൂന്ന് റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ആറ് റൺസും. ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ 10 റൺസ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിന് തൊട്ടുമുമ്പ് സ്വന്തം നാട്ടിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലും മോശം പ്രകടനമാണ് താരം നടത്തിയത്. ആറ് ഇന്നിങ്‌സുകളിൽ നിന്നായി താരത്തിന്റെ ടോട്ടൽ സ്കോർ നൂറ് കടന്നില്ല.
അതേ സമയം ബോര്‍ഡര്‍-ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസീസ് കൂറ്റൻ സ്കോർ നേടിയെടുത്തു. 474 റൺസാണ് ഓസീസ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും അർധ സെഞ്ച്വറി കണ്ടെത്തിയ ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്, 49 റൺസ് നേടിയ കമ്മിൻസ് എന്നിവരുടെ മികവിലാണ് ഓസീസ് ഈ മികച്ച സ്കോറിലെത്തിയത്. മറുപടി ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ അഞ്ചോവറിൽ 20 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
ഒന്നാം ദിന സ്കോറായ 311/6 ൽ നിന്ന് ആരംഭിച്ച ഓസീസിന് സ്മിത്തും കമ്മിൻസും ചേർന്ന് മികച്ച ഇന്നിങ്‌സാണ് സമ്മാനിച്ചത്. 194 പന്തിൽ 13 ഫോറുകളും മൂന്ന് സിക്സറുകളും അടക്കമാണ് സ്മിത്ത് 140 റൺസെടുത്തത്. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ഗാബയിൽ താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് ലബുഷെയ്ൻ, ഉസ്മാൻ ഖവാജ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് എന്നിവർ അർധ സെഞ്ച്വറി നേടിയിരുന്നത്. സാം കോൺസ്റ്റാസ് 65 പന്തിൽ 60 റൺസ് നേടിയപ്പോൾ ഉസ്മാൻ ഖവാജ 121 പന്തി 57 റൺസ് നേടി. ലബുഷെയ്ൻ 145 പന്തിൽ 72 റൺസും നേടി. ഇന്ത്യൻ നിരയിൽ ബുംമ്ര നാലും ജഡേജ മൂന്നും വിക്കറ്റ് വീതം നേടിയപ്പോൾ ആകാശ് ദീപ് രണ്ടും സുന്ദർ ഒന്നും വിക്കറ്റുകൾ നേടി.
Add Comment