തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ കണക്കുകള്‍ പുറത്ത്. തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ക്ഷേമപെന്‍ഷന്‍ വാങ്ങിയ ജീവനക്കാരുടെ കണക്കും പുറത്തുവന്നത്. സംസ്ഥാനത്തെ 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണ്ടെത്തല്‍.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പട്ടികയിലുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.
പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം.
ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Add Comment