Sports

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ജിദ്ദ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഇതു സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ഇപ്പോൾ വീണ്ടും ഏഷ്യയിലേക്ക് ഫുട്‌ബോൾ മാമാങ്കം വരുന്നത് ആവേശത്തോടെയാണ് ആരാധകർ കാണുന്നത്.

2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നത്. ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും 2034 ലോകകപ്പ് വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങൾ പിന്നീട് പിൻമാറുകയായിരുന്നു.

ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ സൗദി പുറത്തു വിട്ടിട്ടുണ്ട്. റിയാദ്, ജിദ്ദ, അൽഖോബാർ, നിയോം, അബഹ എന്നീ നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലാണ് 2034 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിനോട് അനുബന്ധിച്ച് 11 വമ്പൻ സ്റ്റേഡിയങ്ങളാണ് ഈ നഗരങ്ങളിൽ ഒരുങ്ങുക. ഇതിൽ മൂന്ന് സ്റ്റേഡിയങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സൗദിയിൽ ഇപ്പോഴുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങൾ പുതുക്കി പണിയുമെന്നും മറ്റ് രണ്ട് സ്റ്റേഡിയങ്ങൾ ടൂർണമെന്റ് അടുക്കുന്നതോടെ വിപുലീകരിക്കുമെന്നും സൗദി അധികൃതർ അറിയിച്ചു.

അതേസമയം 2030 ഫിഫ ലോകകപ്പ് സ്‌പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തും. 2026ൽ യുഎസ്സിൽ നടക്കുന്ന അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായിട്ടുണ്ട്.

About the author

KeralaNews Reporter

Add Comment

Click here to post a comment