Travel

ഒടുവിൽ ശബരിയ്ക്ക് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി

കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഒരേയൊരു ദിവസേന തീവണ്ടിയാണ് ശബരി എക്‌സ്പ്രസ്‌. തിരുവന്തപുരത്തുനിന്നും സെക്കന്ദരാബാദിലേക്കും തിരിച്ചുമാണ് ട്രെയിനിന്റെ സർവീസ്. എല്ലാ ദിവസവും ഉള്ള സർവീസ് ആയതുകാരണം ട്രെയിനിന്റെ കോച്ചുകളും മറ്റും പരിതാപകരമായ അവസ്ഥയിലാണ്. വർഷങ്ങളായി ഈ ട്രെയിനിന് അത്യാധുനിക കോച്ചുകളായ എൽഎച്ച്ബി കോച്ചുകൾ വേണമെന്ന ആവശ്യം ഉയർന്നുകേൾകുന്നുണ്ട്. എന്നാൽ നടക്കാറില്ല. ഒടുവിൽ ഇപ്പോൾ ശബരിയ്ക്ക് എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുകയാണ്.

ഏപ്രിൽ 18ന് സെക്കന്ദരാബാദിൽ നിന്ന് യാത്രയാരംഭിക്കുന്ന ശബരി എക്സ്പ്രസ്സ് പുത്തൻ പുതിയ ലുക്കിലായിരിക്കും എത്തുക. അന്ന് മുതലാണ് ട്രെയിൻ പുത്തൻ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങുക. തുടർന്ന് ഇരുപതാം തീയതി തിരുവന്തപുരത്തു നിന്നും പുതിയ കോച്ചുകളുമായി സർവീസ് നടത്തും.

പുത്തൻ രൂപത്തിലേക്ക് മാറുന്നതോടെ ട്രെയിനിന്റെ കോച്ചുകളുടെ എണ്ണത്തിലും മാറ്റമുണ്ടായിട്ടുണ്ട്. നിലവിൽ രണ്ട് ജനറൽ കോച്ചുകൾ, 12 സ്ലീപ്പർ കോച്ചുകൾ, നാല് തേർഡ് എസി കോച്ചുകൾ, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. പുതിയ ലുക്കിൽ ഒരു ഫസ്റ്റ് എസി, രണ്ട് സെക്കൻഡ് എസി, 4 തേർഡ് എസി, ഒരു പാൻട്രി കാർ, 8 സ്ലീപ്പർ കോച്ചുകൾ, 4 ജനറൽ എന്നിങ്ങനെയായിരിക്കും ഉണ്ടായിരിക്കുക.

യാത്രക്കാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു ശബരി എക്സ്പ്രസ്സ് എൽഎച്ച്ബിയിലേക്ക് മാറുക എന്നുള്ളത്. കേരളത്തിലെ പല ദീർഘദൂര വണ്ടികൾക്കും എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചിട്ടും, ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ദിവസ വണ്ടിയായ ശബരിയ്ക്ക് മാത്രം എൽഎച്ച്ബി കോച്ചുകൾ ഇതുവരെ അനുവദിച്ചിരുന്നില്ല. പഴയ ഐസിഎഫ് കോച്ചുകളിൽ ദീർഘദൂര യാത്രകൾ അസഹ്യവുമായിരുന്നു. ഈ ദുരിതത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്.

കോയമ്പത്തൂർ, ഈറോഡ്, സേലം വഴി പോകുന്ന ഒരേയൊരു പകൽ തീവണ്ടി കൂടിയായതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ബുക്കിങ്ങും എപ്പോഴും ശബരിയിൽ കൂടുതലായിരിക്കും. അതിനാൽ മലയാളികൾക്ക് എപ്പോഴും ഉപകാരപ്പെടുന്ന തീവണ്ടിയായി ശബരി മാറാറുമില്ല. മലബാർ മേഖലയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസമുളള കച്ചേഗുഡ എക്സ്പ്രസ്സ് ആണ് ഹൈദരാബാദിലേക്കുള്ള ആകെയുള്ള തീവണ്ടി. അതിനാൽ മലയാളികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു ഹൈദരാബാദ് തീവണ്ടി കൂടി വേണമെന്നത് കാലങ്ങളായുള്ള ആവശ്യവും കൂടിയാണ്.