Kerala

പി.പി ദിവ്യക്കെതിരെ ഒടുവിൽ നടപടി

ഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം.

ദിവ്യയെ എല്ലാ പാർട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെയാണ് കോടതി ഉത്തരവ്.

അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. എ ഗീത ഐഎഎസിന്‍റെ മൊഴിയെടുക്കും. എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പിപി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ പൊലീസ് തേടുന്നത്. കളക്ടർ ഉള്‍പ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിന്‍റെ കമ്മീഷണർ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട് നല്‍കിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഫോണ്‍ വിളി രേഖകളുള്‍പ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.

ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിന് മുമ്ബ് തന്നെ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന വാദം പ്രതിഭാഗം ഉയർത്തിയിരുന്നു. വിജിലൻസ് ഓഫീസിലേക്ക് പ്രശാന്ത് പോയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും വാദിച്ചു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.40ന് വിജിലൻസ് ഓഫീസ് ഭാഗത്ത് നിന്ന് പ്രശാന്ത് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പിപി ദിവ്യയുടെ ജാമ്യഹർജിയില്‍ നാളെ തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയും. 10 ദിവസമായി പളളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ ഇപ്പോഴുള്ളത്.