കോട്ടയം: ഗവണ്മെന്റ് നഴ്സിംഗ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലെന്ന് ആരോപണം.
സഹിക്കേണ്ടിവന്ന ക്രൂരമായ പീഡനമുറകള്‍ വിശദീകരിച്ചെങ്കിലും അതൊന്നും ഏറ്റുമാനൂര്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ച എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ല. കഴുത്തില്‍ കത്തിവച്ചു, ലോഷന്‍ ഒഴിച്ചു, കൈയും കാലും കെട്ടിയിട്ടു, ഭീഷണിപ്പെടുത്തി, ഡിവൈഡര്‍ കൊണ്ട് കുത്തിവേദനപ്പിച്ചു, ഗൂഗിള്‍ പേയില്‍ 600 രൂപ വാങ്ങി എന്നിങ്ങനെ കൃത്യങ്ങള്‍ നിസാരമാക്കിയ എഫ്ഐആറാണ് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
നഗ്നനാക്കി കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ച് ശരീരമാസകലം കോമ്ബസിനും ഡിവൈഡറിനും കുത്തിയശേഷം ചോരയൊലിക്കുന്ന മുറിവില്‍ ലോഷനും മുളകുപൊടിയും പുരട്ടിയെന്ന മൊഴി പോലീസ് വിഴുങ്ങി. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ സ്വകാര്യഭാഗത്ത് കെട്ടിയിടുകയും അമര്‍ത്തുകയും ചെയ്തതും എഫ്ഐആറില്‍ ഒഴിവാക്കി. ക്രൂരമായി തല്ലിയതും പീഡനമുറ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതും റിപ്പോര്‍ട്ടിലില്ല.
സിപിഎം അനുകൂല സംഘടനാംഗങ്ങളും മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകരുമായ പ്രതികളെ രക്ഷിക്കാന്‍ ഉന്നത സ്വാധീനവും ഇടപെടലുമുള്ളതായി ഇരകളുടെ രക്ഷിതാക്കള്‍ പറയുന്നു. റാഗിംഗിന് ഇരയായ നാലു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയെങ്കിലും ലിബിന് എന്ന ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയുടെ പരാതിയില്‍ മാത്രമേ നടപടിയുണ്ടായുള്ളു.
കൊട്ടാരക്കര വാളകം കീരിപ്പാക്കല് സാമുല്‍ ജോണ്സണ് (20), മലപ്പുറം വണ്ടൂര്‍ കരുമാരപ്പട്ട രാഹുല്‍ രാജ് (22), വയനാട് നടവയല്‍ ഞാവളയത്ത് ജീവ (18), മഞ്ചേരി പയ്യനാട് ചിറനിയില് റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് റിമാന്‍ഡിലുള്ള പ്രതികള്‍. ഇവരില്‍ ഏറെപ്പേരും ഇവരുടെ ബന്ധുക്കളും സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്.
ഇവരില്‍ ചിലര്‍ നഴ്സിംഗ് പ്രവേശനം നേടിയതും പാര്‍ട്ടി സ്വാധീനത്തില്‍തന്നെ. അറസ്റ്റിലായി നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ ജുഡിഷ്യല്‍ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും പോലീസ് താല്പര്യം കാണിച്ചില്ല. അന്വേഷണം പൂര്‍ത്തിയായെന്നും തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നുമാണ് മുന്‍പ് പോലീസ് ആവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കളുടെ ഇടപെടല്‍ വന്നതോടെയാണ് പോലീസ് തെളിവെടുത്തതും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങിയത്. കൊല്ലാക്കൊലക്ക് വിധേയനാക്കപ്പെട്ട വിദ്യാര്‍ഥി മൊഴിയില്‍ പറഞ്ഞ എല്ലാ ആയുധങ്ങളും മറ്റ് സാമഗ്രികളും ഇന്നലെ പോലീസ് പ്രതികളുടെ മുറികളില്‍നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഹോസ്റ്റലില്‍ കഴിയുമ്ബോഴും പ്രതികള്‍ക്ക് കാമ്ബസിനു പുറത്ത് പാര്‍ട്ടി പ്രവര്ത്തനമുണ്ടായിരുന്നുവെന്നും സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും മൊഴിയുണ്ട്. ഇവര്‍ പുറത്തുനിന്ന് പതിവായി മദ്യം എത്തിച്ച് രാവോളം മദ്യപിച്ച് ജൂണിയര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും പതിവായിരുന്നു.
ഉന്നത നേതാക്കളുമായി ബന്ധമുള്ളതിനാല്‍ എന്തും ചെയ്യാമെന്നും ആഴ്ചപ്പടി തന്നില്ലെങ്കില്‍ അക്രമം തുടരുമെന്നുമായിരുന്നു ഭീഷണി. ഭക്ഷണത്തിനും ഫീസിനും വീട്ടില്‍നിന്ന് നല്‍കിയിരുന്ന പണം ജൂണിയര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പിടിച്ചു വാങ്ങിയിരുന്നു.
Add Comment