Kerala

പൊന്നാനി പീഡനക്കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ ഇന്ന്

മലപ്പുറം: പൊന്നാനി പീഡന പരാതിയിൽ പൊലീസ് ഉന്നതർക്കെതിരായ എഫ്‌ഐആർ ഇന്ന്. മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഇവർക്കെതിരെ ബലാത്സം​ഗക്കുറ്റവും ചുമത്തിയേക്കും. ഇതിൽ സിഐ വിനോദ്, ഡിവൈഎസ്പി ബെന്നി എന്നിവർ സർവീസിൽ തുടരുകയാണ്. എസ് പി സുജിത്ത് മറ്റൊരു കേസിൽ സസ്പെൻഷനിലാണ്.

അതിജീവിതയുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. ഇന്നലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊന്നാനി കോടതി ഉത്തരവിട്ടത്. ഇതിനുശേഷം കേസിൽ അന്വേഷണം തുടങ്ങും. എഫ്ഐആറിന്റെ പകർപ്പ് അതിജീവിതയ്ക്കും കോടതിക്കും കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ പൊന്നാനി പൊലീസിൽ അതിജീവിത പരാതി കൊടുത്തെങ്കിലും എഫ്ഐആർ എടുത്തിരുന്നില്ല. ഇതേ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. 2022-ൽ സംഭവം നടന്ന സമയത്തും പരാതി പൊലീസ് അട്ടിമറിച്ചിരുന്നു. പരാതിക്ക് പിന്നാലെ പ്രതികള്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുകയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

നേരത്തെ മജിസ്‌ട്രേറ്റ് കോടതി പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു. എഫ്‌ഐആർ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോർട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.