India

ഉത്തര്‍പ്രദേശിലെ മെഡിക്കൽ കോളേജിലെ തീപിടുത്തം; രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ ഇതു വരെ 11 കുഞ്ഞുങ്ങളാണ് മരിച്ചത്. സംഭവത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. അപകടത്തിന്റെ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജ്യുഡീഷ്യൽ അന്വേഷണവും പൊലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ന്യൂബോൺ സെപ്ഷ്യൽ കെയർ യൂണിറ്റിൽ പരിധിയിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നുവെന്ന ഡ്യൂട്ടി നഴ്സിന്റെ വെളിപ്പെടുത്തലും അന്വേഷണ സംഘം പരിശോധിക്കും. മറ്റു വീഴ്ചകൾ ഇല്ലായിരുന്നുവെന്ന് നഴ്സ് മേഘ ജെയിംസ് വ്യക്തമാക്കിയിരുന്നു. അപകടം നടക്കുന്ന സമയത്ത് ഐസിയുവില്‍ കുട്ടികള്‍ അധികമായിരുന്നുവെന്നും ഇന്നലെ മേഘ പറഞ്ഞിരുന്നു.

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. താന്‍ തീപ്പെട്ടി ഉപയോഗിച്ചു എന്ന് കള്ളം പ്രചരിപ്പിക്കുന്നുണ്ട്. 12 വര്‍ഷമായി ഈ ജോലി ചെയ്യുന്നുണ്ട്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററില്‍ നിന്നാണ് തീ പടര്‍ന്നത്. അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്നും മേഘ പറഞ്ഞു. കാലിന് ഗുരുതരമായി പൊള്ളലേറ്റ നഴ്‌സ് മേഘ ചികിത്സയിലാണ്.

തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി ഇന്നലെ മരിച്ചിരുന്നു. ഇതോടെ മരണസംഖ്യ പതിനൊന്നായി. എന്നാൽ കുഞ്ഞിന്റെ മരണകാരണം തീപിടിത്തം അല്ലെന്നും വളര്‍ച്ചയെത്താതെയുള്ള ജനനമാണെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

18 കുട്ടികള്‍ക്ക് മാത്രം ചികിത്സാ സൗകര്യമുള്ള ഐസിയുവില്‍ സംഭവസമയത്ത് 49 കുട്ടികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി ദൃക്സാക്ഷികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.