Kerala

സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. സീപ്ലെയിന്‍ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. മുന്‍പെടുത്ത നിലപാടില്‍ മാറ്റമില്ല. ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുക.

സിപ്ലെയിന്‍ പദ്ധതിക്കെതിരേ എതിര്‍പ്പ് കടുപ്പിച്ച് വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാട്ടുപ്പെട്ടി ജലാശയത്തിന് ചുറ്റും അതീവ പരിസ്ഥിതി ലോല മേഖലയാണെന്ന് വ്യക്തമാക്കിയ വനം വകുപ്പ് സിപ്ലെയിന്‍ ഇറങ്ങുന്നത് വന്യജീവികളെ പ്രതികൂലമായി ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കാട്ടാനകള്‍ക്കൊപ്പം വംശനാശ ഭീഷണി നേരിടുന്ന മറ്റ് ജീവികളുമുണ്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെ പദ്ധതി തയ്യാറാക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.

2013ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയാണ് സീപ്ലെയിന്‍. അന്ന് സിഐടിയു, എഐടിയുസി പിന്തുണയോടെ മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചതോടെ പദ്ധതി പിന്‍വലിക്കുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന സെസ്‌ന 206 അംഫിബിയസ് ചെറുവിമാനമാണ് 2013 ജൂണ്‍ രണ്ടിന് കൊല്ലം അഷ്ടമുടിക്കായലില്‍ പറന്നിറങ്ങിയത്.

ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു അന്ന് കന്നിപ്പറക്കല്‍ നിശ്ചയിച്ചിരുന്നതെങ്കിലും വഞ്ചി നിരത്തിയും വല വിരിച്ചും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു. ഇതേ പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും എത്തിക്കാന്‍ ശ്രമിക്കുന്നത്.

അഷ്ടമുടി (കൊല്ലം), പുന്നമട (ആലപ്പുഴ), ബോള്‍ഗാട്ടി (എറണാകുളം), കുമരകം (കോട്ടയം), ബേക്കല്‍ (കാസര്‍കോട്) എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു അന്നത്തെ പദ്ധതി. കേന്ദ്രസര്‍ക്കാരിന്റെ റീജണല്‍ കണക്ടിവിറ്റി സ്‌കീം ഉഡാന്റെ പിന്തുണയും ഇത്തവണ ജലവിമാനപദ്ധതിക്കുണ്ട്.

മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും, പാരിസ്ഥിതിക ഭീഷണി, പൊതു തണ്ണീര്‍ത്തടങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും ഡാമുകളും സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതപ്പെടുന്നു, സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല, മത്സ്യആവാസ വ്യവസ്ഥയ്ക്ക് ഹാനികരം തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അന്ന് പ്രതിഷേധം. പദ്ധതി വീണ്ടുമെത്തുമ്പോഴും ആശങ്കകളില്‍ മാറ്റമില്ല.

അതേസമയം സീ പ്ലെയിന്‍ പദ്ധതി അന്ന് നടക്കാതെ പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മതിയായ ചര്‍ച്ചകള്‍ നടത്താതിരുന്നത് കൊണ്ടാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്‌റെ പ്രതികരണം. മതിയായ ചര്‍ച്ചകള്‍ നടത്തിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതി വീണ്ടും കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കായലില്‍ ഇറക്കുന്നതിലാണ് മത്സ്യത്തൊളിയാളികളും യൂണിയനുകളും എതിര്‍പ്പുയര്‍ത്തിയത്. ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.