രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍. ഡിസംബറിന്റെ ആദ്യ രണ്ടാഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 22,766 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ആഗോള സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നതും വിദേശ നിക്ഷേപകരുടെ തിരിച്ചു വരവിന് കാരണമാണ്. വിദേശനിക്ഷേപകരുടെ തിരിച്ചുവരവോടെ, 2024 ല്‍ ഇതുവരെ എഫ്പിഐ നിക്ഷേപം 7,747 കോടി രൂപയില്‍ എത്തിയതായി ഡിപ്പോസിറ്ററികള്‍ കാണിക്കുന്ന ഡാറ്റ വ്യക്തമാക്കുന്നു.
ഓഹരിവിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഒക്ടോബറിലെ കണക്ക് റെക്കോര്‍ഡാണ്. സെപ്റ്റംബറില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 57,724 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലെ വലിയ തോതിലുള്ള പിന്‍വലിക്കല്‍. മൊത്തം പിന്‍വലിക്കലും നിക്ഷേപവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ഇതുവരെ 7747 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടന്നിരിക്കുന്നത്.
ഇന്ത്യന്‍ ഇക്വിറ്റി വിപണികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് നിരവധി പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കിയ നയങ്ങള്‍, നിലവിലുള്ള പണപ്പെരുപ്പവും പലിശനിരക്കും, വികസിച്ചുകൊണ്ടിരിക്കുന്ന ജിയോപൊളിറ്റിക്കല്‍ ലാന്‍ഡ്സ്കേപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയുടെ മാനേജര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. കൂടാതെ, ഇന്ത്യന്‍ കമ്പനികളുടെ മൂന്നാം പാദത്തിലെ വരുമാന പ്രകടനവും സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയും വിദേശ നിക്ഷേപത്തെ സ്വാധീനിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Add Comment