India

ഇന്‍ഫോസിസിൻ്റെ മൈസൂരു ക്യാമ്പസിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പ്

മൈസൂരു: ഇന്‍ഫോസിസിൻ്റെ മൈസൂരു ക്യാമ്പസിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം വിഫലമാകുന്നു. ഇതോടെ ഇൻഫോസിസ് ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം സൗകര്യം തുടരാൻ തീരുമാനിച്ചു. കഴിഞ്ഞ അഞ്ചു ​ദിവസമായി പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്പസാകെ തിരഞ്ഞിട്ടും ദൗത്യസംഘത്തിന് പുലിയെ ഇതുവരെ കണ്ടെത്താനായില്ല. മൈസൂരു ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് ക്യാമ്പസിൽ പുലിക്കായി തിരച്ചിൽ നടത്തുന്നത്.

ക്യാമ്പസിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിലെ സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചയുളള ദൃശ്യങ്ങളിലാണ് പുള്ളിപ്പുലിയെ കണ്ടത്. ഡ്രോണ്‍ ക്യാമറയടക്കമെത്തിച്ചാണ് സംഘത്തിന്റെ പരിശോധന പുരോ​ഗമിക്കുന്നത്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് ക്യാമ്പസികത്ത് 12 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്.