വയനാട്: ഐസി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബത്തേരി അർബൻ ബാങ്ക് മുൻ ചെയർമാൻ ഡോ സണ്ണി ജോർജ്ജ്. അനധികൃത നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ പട്ടിക നൽകിയിരുന്നതായും 17 പേരുടെ നിയമനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നതായും ഡോ സണ്ണി ജോർജ്ജ് വെളിപ്പെടുത്തി.
ഐ സി ബാലകൃഷ്ണന്റെ ആവശ്യം പരിഗണിക്കാനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു. പരീക്ഷയിൽ പങ്കെടുക്കാത്തർ വരെ പട്ടികയിലുണ്ടായിരുന്നു എന്നാണ് സണ്ണി ജോർജ്ജ് പറയുന്നത്. താൻ മെറിറ്റ് പ്രകാരം മാത്രമാണ് നിയമനം നൽകിയത്.
എന്നാൽ തന്നെ വിശദീകരണം കേൾക്കാതെ സസ്പെൻഡ് ചെയ്തുവെന്നും സണ്ണി ജോർജ്ജ് പറഞ്ഞു.
സണ്ണി ജോർജിന്റെ വാക്കുകൾ ഇങ്ങനെ
‘അന്നത്തെ ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്ന ഐ സി ബാലകൃഷ്ണൻ ഒരു അടിയന്തിര മീറ്റിങ് വിളിച്ചു. ആ മീറ്റിങ്ങിൽ എന്നോടും പങ്കെടുക്കണമെന്ന് പറഞ്ഞു. വേറെ അജണ്ടകൾ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു അജണ്ട അർബൻ ബാങ്കിൽ കോൺഗ്രസുകാരെ നിയമിക്കണം എന്നതായിരുന്നു. 17 പേരുടെ പട്ടിക തന്നു. ഇവർക്ക് നിയമനം നൽകണമെന്നും പറഞ്ഞു. ആ ലിസ്റ്റ് നോക്കുമ്പോൾ ഒരു കാരണവശാലും ആർക്കും നിയമനം നൽകാൻ കഴിയാത്തവരായിരുന്നു. റാങ്കിൽ പിന്നോക്കം നിൽക്കുന്നവരും ലിസ്റ്റിൽ ഇല്ലാത്തവരുമായിരുന്നു ആ പട്ടികയിൽ. ഇക്കാര്യം കൺവീനറെ അറിയിച്ചു. വേണമെങ്കിൽ നിങ്ങൾക്ക് എന്നെ മാറ്റാമെന്നും ഞാൻ പറഞ്ഞു…’
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും രേഖകൾക്കും എതിരെ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നീതിയുക്തമായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
ഇതിനിടെ കോഴ വാങ്ങി സർവ്വീസ് സഹകരണ ബാങ്കുകളിൽ നിയമനം നൽകിയ വിഷയത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെയും വെളിപ്പെടുത്തൽ. ബത്തേരി കാർഷിക വികസന ബാങ്കിൽ മകന് ജോലിക്കായി മൂന്ന് ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്നാണ് കർഷകൻ്റെ വെളിപ്പെടുത്തൽ. ബത്തേരി മണ്ഡലം പ്രസിഡന്റ് സിടി ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് എന്നിവർക്കെതിരെയാണ് ആരോപണം. പണം കൊടുക്കാൻ വഴിയില്ലാതെ ബ്ലേഡുകാരോട് വായ്പ വാങ്ങേണ്ടി വന്നതായാണ് കർഷകൻ്റെ വെളിപ്പെടുത്തൽ. ജോലി കിട്ടിയെങ്കിലും അനധികൃത നിയമനമായതോടെ ഹൈക്കോടതി മകനടക്കം നിരവധി പേരെ പിരിച്ചു വിട്ടു. ഇതോടെ വീടും സ്ഥലവും വിറ്റ് കടം വീട്ടേണ്ടി വന്നുവെന്നും ജോലിയുമില്ല കൊടുത്ത പണവുമില്ലാത്ത അവസ്ഥയായെന്നും കർഷകൻ പറയുന്നു. പണം ബ്ലേഡിന് വാങ്ങിയതിനാൽ 3 ഇരട്ടിയോളം തുക തിരിച്ചടക്കേണ്ടി വന്നെന്നും കൊടുത്ത പണം കോൺഗ്രസ് നേതാക്കൾ തിരിച്ച് തന്നില്ലെന്നുമാണ് കർഷകൻ്റെ ആരോപണം.
കോൺഗ്രസ് നേതാവ് എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര നിയമന ആരോപണങ്ങൾ പുറത്തുവരുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.
Add Comment